Kerala
കൊച്ചി: ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് മധുരമേകി സംസ്ഥാനത്ത് ജില്ലാതലത്തിലും സി.ഡി.എസ്തലത്തിലും കുടുംബശ്രീയുടെ കേക്ക് വിപണന മേളകള്‍ വഴിയുള്ള വിറ്റുവരവ് 90,70,754 രൂപ. കുടുംബശ്രീയുടെ കീഴിലുള്ള 1526 യൂണിറ്റുകള്‍ കേക്ക് വിപണനമേളയുടെ ഭാഗമായി. നാലായിരത്തോളം സംരംഭകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ വിറ്റുവരവ് നടന്നത്. ഇവിടെ 15,21,195 രൂപയുടെ വിറ്റുവരവ് ഉണ്ടായി. 14,96,520 രൂപയുടെ കേക്കു വില്പനയുമായി ഇടുക്കി ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാസര്‍ഗോഡ് ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. 12,39,846 രൂപയുടെ കേക്ക് വില്പന ഇവിടെ നടന്നു. 2025 ഡിസംബര്‍ 20 മുതല്‍ 2026 ജനുവരി ഒന്നുവരെയുള്ള കണക്കാണിത്.
കുടുംബശ്രീയുടെ പോക്കറ്റ് മാര്‍ട്ട് ആപ്പ് വഴി നടത്തിയ ഓണ്‍ലൈന്‍ കേക്കു വില്പനയിലെ വിറ്റുവരവ് 16,36,348 രൂപയാണ്. കുടുംബശ്രീയുടെ 618 കേക്കു യൂണിറ്റുകള്‍ വഴി 1,886 ഓണ്‍ലൈന്‍ ഓര്‍ഡറുകളാണ് ലഭിച്ചത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ കേക്ക് വില്പന നടന്നത്. ഇവിടെ 66 കേക്ക് യൂണിറ്റുകള്‍ക്ക് 598 ഓര്‍ഡറുകള്‍ ലഭിച്ചു. 6,13,590 രൂപയുടെ കേക്കുകളാണ് വിറ്റത്.
രണ്ടാം സ്ഥാനം കണ്ണൂര്‍ ജില്ലയ്ക്കാണ്. ഇവിടെ കുടുംബശ്രീയുടെ 65 കേക്ക് യൂണിറ്റുകളിലൂടെ 583 ഓര്‍ഡറുകള്‍ ലഭിക്കുകയും 3,97,660 രൂപയുടെ വില്പന നടക്കുകയും ഉണ്ടായി. തൃശൂര്‍ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. ഇവിടെ 1,29,015 രൂപയുടെ വിറ്റുവരവാണ് നടന്നത്. 44 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് 203 ഓര്‍ഡറുകള്‍ ലഭിച്ചു. എറണാകുളം ജില്ലയില്‍ 40,774 രൂപയുടെ വില്പന നടന്നു. ഇവിടത്തെ 44 കേക്ക് യൂണിറ്റുകള്‍ക്ക് 34 ഓര്‍ഡറുകളാണ് ലഭിച്ചത്.
കുടുംബശ്രീ സംരംഭകര്‍ തയാറാക്കിയ മാര്‍ബിള്‍, പഌ, ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെല്‍വറ്റ്, കോക്കനട്ട് കേക്ക്, ചോക്ളേറ്റ് കേക്ക്, കോഫീ കേക്ക്, ചീസ് കേക്ക്, ഫ്രൂട്ട്സ് കേക്ക്, കാരറ്റ് കേക്ക് തുടങ്ങി വിവിധ തരം കേക്കുകളാണ് ലഭ്യമാക്കിയിരുന്നത്. 250 രൂപ മുതലുള്ള കേക്കുകള്‍ ഉണ്ടായിരുന്നു.
ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ അവതരിപ്പിച്ച ഗിഫ്റ്റ് ഹാമ്പറുകളുടെ വന്‍ വിജയത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഇക്കുറി ആദ്യമായി കേക്കുകളുടെ ഓണ്‍ലൈന്‍ വിപണനം കൂടി ആരംഭിച്ചത്. ഓരോ ജില്ലയിലും കേക്കുകള്‍ തയ്യാറാക്കുന്ന യൂണിറ്റുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേകം കേക്ക് ഡയറക്ടറിയും തയാറാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുത്തു. XC138455 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാംസമ്മാനം നേടിയ ടിക്കറ്റ് വിറ്റത് കോട്ടയത്താണ്. എ.സുദീക്ക് ആണ് ഏജന്റ്. 20 കോടിയാണ് ഒന്നാം സമ്മാനം.
20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
കൂടാതെ, 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കുന്നു എന്നതാണ് ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പറിന്റെ സവിശേഷത.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ–കിദ്വായ് നഗർ ഏരിയ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തപ്പെട്ടു. ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആർ.കെ. പുരം സെന്റ് പീറ്റേഴ്സ് ചർച്ചിലെ റവ. ഫാ. സെബാസ്റ്റ്യൻ കല്ലടയിൽ എംഎസ്ടി ക്രിസ്മസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, അഡിഷണൽ ഇന്റേർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ട്രഷറർ അജി ചെല്ലപ്പൻ, വനിതാ വിഭാഗം കൺവീനർ സുതില ശിവകുമാർ, പ്രോഗ്രാം കൺവീനറും ജോയിന്റ് സെക്രട്ടറിയുമായ കെ പി സുതൻ, ജോയിന്റ് സെക്രട്ടറിയും കൾച്ചറൽ കൺവീനറുമായ ഷിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
ഏരിയയിലെ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന കലാകാരന്മാർ അവതരിപ്പിച്ച കരോൾ ഗാനങ്ങൾ, സിനിമാ ഗാനങ്ങൾ, നൃത്തനൃത്യങ്ങൾ, എന്നിവ പ്രേക്ഷക ശ്രദ്ധ നേടി. സ്നേഹ വിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിലെ മലയാളി ക്രിസ്ത്യാനികളുടെ ഐക്യവേദിയായി നാലു പതിറ്റാണ്ടു പിന്നിട്ട ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ 40-ാമത് സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം വാഷിംഗ്ടൺ ടൗണ്‍ഷിപ് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടന്നു.
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഗായകസംഘം ആലപിച്ച പ്രാരംഭ ഗാനത്തോടെ പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് ദിവ്യ ജോര്‍ജ് വേദഭാഗം വായിച്ചു. റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി മധ്യസ്ഥ പ്രാര്‍ഥന നയിച്ചു.
പ്രസിഡന്റ് വിക്ലിഫ് തോമസ് സ്വാഗതം ആശംസിച്ചു. റവ. ടി. എസ്. ജോണ്‍ മുഖ്യാതിഥിയും മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസന്‍ സെക്രട്ടറിയുമായ റവ. ജോയല്‍ തോമസിനെ സദസിനു പരിചയപ്പെടുത്തി. റവ. ജോയല്‍ തോമസ് ക്രിസ്മസ് സന്ദേശം നൽകി.
സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് യോങ്കേഴ്സ്, ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച് എലിസബത്ത്, ന്യൂജഴ്സി, മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് റാന്‍ഡോള്‍ഫ്, ന്യൂജഴ്സി, ബഥനി മാര്‍ത്തോമ്മാ ചര്‍ച്ച് ഓറഞ്ച്ബര്‍ഗ്, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബ്ലോവെല്റ്റ്, ന്യൂയോര്‍ക്ക്, സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടൺ ടൗണ്‍ഷിപ്പ്, ന്യൂജഴ്സി, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക് ന്യൂജഴ്സി എന്നീ ചര്‍ച്ച് ഗായകസംഘങ്ങള്‍ ആലപിച്ച ക്രിസ്മസ് കാരള്‍ ഗാനങ്ങള്‍ ഹൃദ്യമായിരുന്നു.
പ്രശസ്ത ക്രിസ്തീയ ഗാന ഗായകസംഘമായ ബ്രദേഴ്സ് ഇന്‍ ഹാര്‍മണിയുടെ ഗാനങ്ങളും ക്രിസ്മസ് സന്ധ്യക്ക് മിഴിവേകി. റവ. പോള്‍ രാജന് നേതൃത്വം കൊടുത്ത് ബോസ്റ്റണ്‍ യുവാക്കൾ ക്രിസ്മസ് ഗ്രാഫിക്ക് ഐടി ഷോ അവതരിപ്പിച്ചു. എവലിന് ജോജി സോളോ ഗാനം പാടി.
വിശിഷ്ഠാതിഥിയായെത്തിയ പ്രശസ്ത ക്രിസ്തീയ ഗാന സംവിധായകനും ഗായകനുമായ ജോസി പുല്ലാടിനെ പ്രഫ. റജി ജോസഫ് സദസിനു പരിചയപ്പെടുത്തുകയും അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.
തുടര്‍ന്ന് ക്രിസ്തീയ ഗാന രചനാ രംഗത്ത് നിസ്തുല സേവനം അനുഷ്ഠിച്ച റവ. ഫാ. ഡോ. ബാബു കെ. മാത്യു, പ്രഫ. റജി ജോസഫ്, ക്രിസ്തീയ സംഗീതത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കായി ബ്രദേഴ്സ് ഇന്‍ ഹാര്‍മണി മ്യൂസിക്ക് ഗ്രൂപ്പ് ഡയറക്ററര്‍ സാമുവേല്‍ വര്‍ഗീസ്(രാജു) എന്നിവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. സെക്രട്ടറി വിക്ലിഫ് തോമസ് അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭരണസമിതിയെ സദസിനു പരിചയപ്പെടുത്തി.
റവ. ജോയല്‍ തോമസ്(ഡയോസിസന്‍ സെക്രട്ടറി, മാര്‍ത്തോമ്മാ ചര്‍ച്ച് നോര്‍ത്ത് അമേരിക്ക, മുഖ്യാതിഥി), റവ. ടി. എസ്. ജോണ്‍ (സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടൺ ടൗണ്‍ഷിപ്പ്), റവ.ഫാ. ഡോ. ബാബു കെ. മാത്യു (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിഡ് ലാന്‍ഡ് പാര്‍ക്ക്), റവ. പോള്‍ ജോണ്‍ (അസംബ്ലീസ് ഓഫ് ഗോഡ്), റവ. ജോണ്‍ കെ. മാത്യു (ഇമ്മാനുവേല്‍ സിഎസ്ഐ ചര്‍ച്ച്), റവ. ഡോ. അനിയന്‍കുഞ്ഞ് ജോയി (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ബര്‍ഗന്‍ഫീല്‍ഡ്), റവ. ജോമി തോമസ് (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ബ്ലോവെല്റ്റ്, ന്യൂയോര്‍ക്ക്), റവ. പോള്‍ രാജന് (സിഎസ്ഐ ചര്‍ച്ച്, റ്റാപ്പന്, ന്യൂയോര്‍ക്ക്), റവ. പ്രതീക്ഷ് ഉമ്മന്‍ (റാന്‍ഡോള്‍ഫ് മാര്‍ത്തോമ്മാ ചര്‍ച്ച്), റവ. പാസ്റ്റര്‍ നൈനാന് ജോണ്‍ (യൂത്ത് പാസ്റ്റര്‍, റെഹോബത്ത് ചര്‍ച്ച് ഓഫ് ഗോഡ്)തുടങ്ങിയവര്‍ ചടങ്ങില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ട്രഷറര്‍ രാജന് മാത്യു മോഡയില്‍ ബിസിഎം സി ഫെലോഷിപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംസാരിച്ചു. സെക്രട്ടറി അജു തര്യന് നന്ദി രേഖപ്പെടുത്തി. ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ അവസാനിച്ചു.
റവ. പാസ്റ്റര്‍ പോള്‍ ജോണ്‍ മാസ്റ്റര്‍ ഓഫ് സെറിമണീസ് ആയി പ്രവര്‍ത്തിച്ചു. എല്ലാവര്ക്കും ക്രിസ്മസ് കേക്ക് പരേതനായ സണ്ണി വര്‍ഗീസ് പതാലിലിന്റെ സ്മരണാര്‍ഥം ഡുമോണ്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബം നൽകി.
NRI
ന്യൂജഴ്സി: ന്യൂജഴ്സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷം ശനിയാഴ്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.
ന്യൂജഴ്സിയിലും പരിസരപ്രദേശങ്ങളിലുമുള്ള വിവിധ കത്തോലിക്കാ, മാർത്തോമ്മാ, യാക്കോബായ, ഓർത്തഡോക്സ്, സിഎസ്ഐ, ഇവാഞ്ചലിക്കൽ സഭകളുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ പരിപാടി അണിഞ്ഞൊരുങ്ങുന്നത്.
റവ. സി. ഡോ. ജോസ്ലിൻ ഇടത്തിൽ എംഡി മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകും. പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് റവ.ഡോ. സണ്ണി മാത്യു, റവ. ഫാ. ജേക്കബ് ഡേവിഡ്, സെക്രട്ടറി മിനി ചെറിയാൻ, ട്രഷറർ ജോമി വർഗീസ്, പ്രോഗ്രാം കോഓർഡിനേറ്റർ ജോർജ് തോമസ്, വൈസ് പ്രസിഡന്റ് നോബി ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സെക്രട്ടറി - മിനി ചെറിയാൻ: 732 579 7558, പ്രോഗ്രാം കോഓർഡിനേറ്റർ - ജോർജ് തോമസ്: 201 214 6000.
വേദി: 497, Godwin Avenue, Midland Park, NJ-07432.
NRI
ആൽബെർട്ട: സെന്റ് ആൽബെർട്ട മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷ പരിപാടി സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കുടുംബങ്ങളും യുവജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
സംഗീത പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ, കുട്ടികൾക്കായുള്ള വിനോദ പരിപാടികൾ എന്നിവ ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്നു. സൗഹൃദവും ഐക്യവും പങ്കുവച്ച ഈ സംഗമം പങ്കെടുത്തവർക്കെല്ലാം ഓർമിക്കാവുന്ന അനുഭവമായി.
NRI
ഫിലഡല്‍ഫിയ: പമ്പ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുവത്സര പരിപാടി അംഗങ്ങളുടെയും അതിഥികളുടെയും സാന്നിധ്യത്തില്‍ ആഘോഷപൂര്‍ണമായി നടന്നു. വിവിധ സാമൂഹിക - സാംസ്കാരിക നേതാക്കള്‍ പങ്കെടുത്ത ചടങ്ങ് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകര്‍ന്നു.
ചടങ്ങിന് ജനറല്‍ സെക്രട്ടറി ജോര്‍ജ് ഒലിക്കല്‍ സ്വാഗതം ആശംസിക്കുകയും യോഗ നിയന്ത്രണവും നിര്‍വഹിക്കുകയും ചെയ്തു. പമ്പ അസോസിയേഷന് പ്രസിഡന്റ് ജോണ്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു.
തന്റെ പ്രസിഡന്‍ഷ്യല്‍ പ്രസംഗത്തില്‍ സംഘടനയുടെ പോയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കായ എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. പുതുവത്സര സന്ദേശം റവ. ഫിലിപ്സ് മോടയില്‍ നല്കി. പുതുവര്‍ഷം പ്രത്യാശയുടെയും സഹകരണത്തിന്റെയും കാലമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
National
ന്യൂഡൽഹി: പുതുവർഷത്തോടനുബന്ധിച്ചു ഹെഡ് ഓഫീസ് പ്രോജക്ട് ഇൻചാർജുമാരോടൊപ്പം സ്റ്റാഫ് മീറ്റിംഗ് സംഘടിപ്പിച്ച് ദീപാലയ.
ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ന്യൂഡൽഹി ബ്യൂറോ ചീഫുമായ ജോർജ് ഏബ്രഹാം കള്ളിവയലിൽ പരിപാടിയിൽ മുഖ്യാതിഥിയായി. സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. കെ.സി. ജോർജ്പ്രസംഗിച്ചു.
നവീനതയും ലക്ഷ്യബോധവും ഏകീകരിച്ച് ശക്തമായ ആസൂത്രണത്തിന് വഴിയൊരുക്കുന്ന ദീപാലയയുടെ വാർഷിക പ്ലാനർ 2026 പുറത്തിറക്കി.
NRI
ന്യൂഡൽഹി: ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളായ "ശാന്ത രാത്രി പുതുരാത്രി'യിൽ വിവിധ കാരൾ സംഘങ്ങളൊരുക്കിയ ഗാനവീചികൾ ആസ്വാദക ഹൃദയങ്ങളെ ഊഷ്മളമാക്കി.
ഡൽഹി മലയാളി അസോസിയേഷന്റെ ക്രിസ്മസ് കാരൾ ഗാന മത്സരം ഏഴാം സീസണിൽ അംബേദ്കർ നഗർ - പുഷ്പ് വിഹാർ, ആശ്രം - ശ്രീനിവാസ്പുരി, ബദർപ്പുർ, കാൽക്കാജി, മായാപുരി - ഹരിനഗർ, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പുർ, മെഹ്റോളി, പട്ടേൽ നഗർ, ആർകെ പുരം, രജൗരി ഗാർഡൻ - ശിവാജി എൻക്ലേവ്, ഉത്തം നഗർ - നാവാദാ, വികാസ്പുരി - ഹസ്തസാൽ, വിനയ് നഗർ - കിദ്വായ് നഗർ എന്നീ ഡിഎംഎയുടെ ഏരിയ ടീമുകൾ പങ്കെടുത്തു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, ക്രിസ്മസ് സന്ദേശം നൽകി.
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ മെൽവിൻ വർഗീസ് ഐപിഎസ് മുഖ്യാതിഥിയും ആർകെ പുരം എംഎൽഎ അനിൽ കുമാർ ശർമ, വിവാ ഗ്രൂപ്പ് ഡയറക്ടർ ജയകുമാർ നായർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതവും പ്രോഗ്രാം കൺവീനറും അഡീഷണൽ ട്രെഷറാറുമായ മനോജ് പൈവള്ളിൽ കൃതജ്ഞതയും പറഞ്ഞു.
NRI
ബെന്റോൺവിൽ: അർകെൻസയിലെ ബെന്റോൺവില്ലയിൽ മലയാളി കൂട്ടായ്മയായ "നന്മ' (നോർത്ത്വെസ്റ്റ് അർകെൻസ അർകെൻസ അസോസിയേഷൻ) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ വാൾമാർട്ട്, ജെബി ഹണ്ട്, ടൈസൺ എന്നിവയുടെ ആസ്ഥാനമായ ബെന്റോൺവില്ലയിലെ ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന ഇരുന്നൂറ്റമ്പതോളം മലയാളി കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്.
നാടിന്റെ നന്മയും മൂല്യങ്ങളും വരുംതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഈ കൂട്ടായ്മ, വിദേശമണ്ണിലും കേരളീയ തനിമ ചോരാതെ നടത്തിയ പരിപാടികൾ ശ്രദ്ധേയമായി.
NRI
ടെക്സസ്: ഹൂസ്റ്റൺ ഇൻഡസ് ലയൺസ് ക്ലബ് ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചു. ടെക്സസിലെ സ്റ്റാഫോർഡിൽ നടന്ന ആഘോഷ സംഗമം ലയൺ ജോ ഫിലിപ്സ് നയിച്ച കാരൾ ഗാനങ്ങളോടെ ആരംഭിച്ചു.
പരിപാടിയിൽ ലയൺസ് ജോർജ് വർക്കി, ബോസ് കുര്യൻ, ബാബു ചാക്കോ എന്നിവർ പങ്കെടുത്തവരോട് ക്ലബിന്റെ നിലവിലുള്ള ചാരിറ്റി ഫണ്ട്റൈസിംഗ് പ്രവർത്തനങ്ങളുടെ അവസ്ഥയെയും സ്വാധീനത്തെയും കുറിച്ച് വിശദീകരിച്ചു.
NRI
ബുദൈയ: കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾക്കൊപ്പം ജനബിയയിലെ ലേബർ ക്യാമ്പിൽ സ്നേഹസംഗമം 2026 എന്ന പേരിൽ പുതുവത്സ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ബുദൈയ ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി നിസാം സ്വാഗതമാശംസിച്ചു. കെ പിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ മുഖ്യപ്രഭാഷണം നടത്തി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ നോർത്ത് കരോലിനയിൽ പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കൗമാരക്കാരൻ അറസ്റ്റിൽ. ക്രിസ്റ്റ്യൻ സ്റ്റർഡിവന്റ്(18) ആണ് അറസ്റ്റിലായത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ, എഫ്ബിഐ ആണ് ഇയാളെ പുതുവത്സരാഘോഷത്തിനിടെ കസ്റ്റഡിയിലെടുത്തത്. ഐഎസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇയാൾ ആക്രമണത്തിനൊരുങ്ങിയത്.
2022 മുതൽ സ്റ്റർഡിവാന്റ്, വിദേശത്തെ ഒരു ഐഎസ് അംഗവുമായി ബന്ധപ്പെട്ടിരുന്നുവെന്നും കറുത്ത വസ്ത്രം ധരിച്ച് ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്താനുള്ള നിർദ്ദേശം ലഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കത്തികളും ചുറ്റികകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായി ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇയാൾ ഒരു വർഷത്തോളമായി ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് യുഎസ് അറ്റോർണി റസ് ഫെർഗൂസൺ പറഞ്ഞു.
ഡിസംബർ 29-ന്, സുരക്ഷാഉദ്യോഗസ്ഥർ സ്റ്റർഡിവന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും "2026 ലെ പുതുവത്സര ആക്രമണം' എന്ന തലക്കെട്ടുള്ള കൈയെഴുത്ത് കുറിപ്പുകൾ അവർ കണ്ടെടുത്തു. കൂടാതെ, ഒരു വസ്ത്രം, മുഖംമൂടി, കത്തികൾ തുടങ്ങിയവയും കണ്ടെത്തിയിരുന്നു.
NRI
സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ "സർഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്മസ് - നവവത്സര ആഘോഷം ഈ മാസം 11ന് സ്റ്റീവനേജിനോട് ചേർന്നുള്ള വെൽവിനിൽ നടക്കും.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സർഗം സംഘടിപ്പിച്ച പുൽക്കൂട് - ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും ഗൃഹാതുരത്വം ഉണർത്തുന്നതുമായി. ക്രിസ്മസിന്റെ സന്തോഷവും സ്നേഹവും ഐക്യവും സ്പന്ദിച്ച കരോൾ ഗാനങ്ങൾ, സർഗം കുടുംബാംഗങ്ങൾക്ക് ആത്മീയാനുഭവമായി.
മികവുറ്റ സംഗീത - നടന - നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്.
Kerala
കൊച്ചി: പുതുവര്‍ഷ സമ്മാനമായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലേക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് നടന് മമ്മൂട്ടി. നടന് നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് വീല്‍ചെയറുകളുടെ വിതരണം നടന്നത്.
ഇന്റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്റെ സെക്രട്ടറിയായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ആണ് വീല്‍ചെയറിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയറിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം കര്‍ദിനാള്‍ പങ്കുവച്ചു.
"മലയാളത്തിന്റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്.
ഇന്നത്തെ ഈ സമയം എന്റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മപദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം അറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ സംഘത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതല്‍ മനസുമാണ് ഇതിനെല്ലാം മുഖാന്തിരമായി കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടര്‍ന്നും സര്വേശ്വരന് നല്‍കട്ടേയെന്ന് ആത്മാർഥമായി പ്രാര്‍ഥിക്കുന്നു' - കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.
കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ ആന്‍ഡ് ഷെയറിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ ഫൗണ്ടേഷന്റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.
കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു.
NRI
ബ്രിസ്ബെയ്ൻ: വാമോസ് അമിഗോ സംഘടന യുവജനങ്ങളോടൊപ്പം പുതുവത്സരം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി 2026ൽ സാമൂഹിക ഉത്തരവാദിത്വം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സംഘടന നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.
ഈ വർഷം പ്രായമായവർക്കുള്ള സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും യുവജനങ്ങളെ സമൂഹ സേവനത്തിലേക്ക് ആകർഷിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് വാമോസ് അമിഗോയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു.
മുതിർന്നവരുടെ ക്ഷേമത്തിനായി ഭക്ഷണം, ആരോഗ്യ സഹായം, മാനസിക പിന്തുണ എന്നിവ ഉൾപ്പെടുന്ന കാരുണ്യ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
NRI
ഡബ്ലിൻ: കൗണ്ടി ടിപ്പററിയിൽ നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ നടന്നു. ആഘോഷപരിപാടികളിൽ ഫാ.റെക്സൻ ചുള്ളിക്കൽ (Nenagh parish) മുഖ്യാതിഥി ആയിരുന്നു.
ഫാ. റെക്സനും കമ്മിറ്റി അംഗങ്ങളും ചേർന്ന് തിരി തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തിരുപ്പിറവിയുടെ സ്നേഹത്തിന്റെ സന്ദേശവും പുതുവത്സരത്തിന്റെ പ്രതീക്ഷകളും മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിന് ഏറെ പ്രചോദനകരമാകട്ടെ എന്ന് ഫാ. റെക്സൻ ആശംസിച്ചു.
National
നോയിഡ: പുതുവത്സരാഘോഷത്തിനിടെ പാർപ്പിട സമുച്ചയത്തിന്റെ 15-ാം നിലയിൽ നിന്നും വീണ് യുവാവ് മരിച്ചു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ബിസ്രാഖ് പ്രദേശത്തെ അമ്രപാലി ഗോൾഫ് ഹോംസ് കിംഗ്സ്വുഡ് സൊസൈറ്റിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ബീഹാറിലെ സിവാൻ ജില്ലയിലെ തർവാര ഗ്രാമവാസിയായ വിനീത്(31) ആണ് മരിച്ചത്.
ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു വിനീത്. സുഹൃത്തുക്കളോടൊപ്പം പുതുവത്സരം ആഘോഷിക്കുന്നതിനിടെ അബദ്ധത്തിൽ വിനീത് താഴേയ്ക്ക് വീഴുകയായിരുന്നു.
സൊസൈറ്റിയിലെ താമസക്കാർ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും സംഭവസമയത്ത് അവിടെയുണ്ടായിരുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചയിലും സഞ്ചരിച്ചത് 1,61,683 പേർ.
സുരക്ഷിതവും കൃത്യതയുമാർന്ന മെട്രോ സേവനം പുതുവർഷാഘോഷത്തിരക്ക് ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടത്തിനും പോലീസിനും ഏറെ സഹായകവുമായി. പുലർച്ചെ രണ്ടു വരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്.
പുലർച്ചെ നാലു വരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്ര ചെയ്ത് റിക്കാർഡ് നേട്ടമാണ് മെട്രോ കൈവരിച്ചത്. ഡിസംബർ 31ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റിക്കാർഡ് സൃഷ്ടിച്ചു.
Movies
പുതുവത്സരാഘോഷം പാട്രിയാറ്റ് സെറ്റിൽ ആഘോഷിച്ച് മമ്മൂട്ടി. സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ചാണ് താരം പുതുവത്സരത്തെ വരവേറ്റത്. സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ്, ചങ്ങനാശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ. ജിന്റോ മുരിയങ്കിരിയും ഉൾപ്പെടെയുള്ളവർ ആഘോഷത്തിൽ പങ്കുചേർന്നു.
മമ്മൂട്ടിയും മോഹൻലാലും പതിനേഴ് വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.
NRI
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ഓസ്ട്രേലിയ. സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു.
ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു.
പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
Kerala
കൊച്ചി: കാക്കനാട് ക്വാട്ടേഴ്സ് ജംഗ്ഷനില്‍ 45 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരം ആഘോഷമാക്കി ടെക്കികളും നാട്ടുകാരും. ഡിജെയുടെ അകമ്പടിയോടെ നൃത്തം ചെയ്ത് ആഘോഷത്തോടെയാണ് കാക്കനാട് പുതുവത്സരം ആഘോഷിച്ചത്. എന്‍ജി ക്വാട്ടേഴ്സ് സമീക്ഷ ക്ലബ്ബ് ആണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
ഹൈബി ഈഡന് എംപിയാണ് ക്ലബ്ബ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. അതേസമയം, കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ പപ്പാഞ്ഞികളെ അഗ്നിക്കിരയാക്കി കൊണ്ട് പുതുവത്സരം ആഘോഷമാക്കി. രണ്ടു ലക്ഷത്തോളം ആളുകളാണ് ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷങ്ങളില്‍ പങ്കെടുത്തത്.
Special News
പുതുവർഷത്തെ കാത്തിരിപ്പ്, പ്രതീക്ഷകൾ, മനോഭാവം, എഴുത്ത്, രാഷ്ട്രീയം... എഴുത്തുകാരി ഡോണ മയൂര കുറിക്കുന്നു...
വർഷങ്ങൾ വന്നും പോയുമുള്ള ജീവിത തുടർച്ചകളിലേക്ക് ഒരു പുതുവർഷം കൂടി വന്നു ചേരുന്നു. ഇതെഴുതാനിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ പുതുവർഷമെത്തി. ഞാൻ ജനിച്ച രാജ്യമായ ഇന്ത്യയിലും പ്രവാസിയായി ജീവിതം തുടരുന്ന യുഎസ്എയിലും പുതുവർഷമെത്താൻ കാത്തിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ മികവിൽ ഒരിടത്തിരുന്നുകൊണ്ട് ലോകത്തിലെ പലകോണുകളിൽ നടക്കുന്ന ആഘോഷങ്ങൾ സന്തോഷത്തോടെ കാണുകയും അവിടങ്ങളിൽ ഉള്ള സുഹൃത്തുക്കൾക്ക് അപ്പപ്പോൾതന്നെ ആശംസകൾ അറിയിക്കുന്നവരുമായി നമ്മൾ മാറി.
ഭൂഖണ്ഡങ്ങൾക്കും ദേശങ്ങൾക്കും തമ്മിലുള്ള രാവിന്റെയും പകലിന്റെയും ടൈം സോണുകളുടെയും വ്യത്യാസത്തെ കൈയിലിരിക്കുന്ന സ്മാർട്ട് ഫോണിൽ തൊട്ട് ഇല്ലാതെയാകുന്ന കാലത്ത് നമ്മളെത്തി. എല്ലാ മേഖലകളിലെയും മാറ്റവും തുടർച്ചകളും ഉയർച്ചകളിലേക്കും കൈയും മനസുമൊരുമിച്ചെത്തിച്ച് തൊട്ടു. അതോടൊപ്പം കൂടിതൽ രാഷ്ട്രീയ ബോധമുള്ളവരും വിശാലമാനവികതയുള്ളവരുമായ മനുഷ്യരുമായി. ഇതിനെ തുരങ്കം വയ്ക്കാൻ വർഗീയതയുടെ വിഷയവുമായി ചിലർ നടപ്പുണ്ടെങ്കിലും അവരെയെല്ലാം അകറ്റിനിർത്താനുള്ള വിവേകമുള്ള മനുഷ്യരാണ് നമ്മൾ.
കാണാൻ കാത്തിരിപ്പ്
പുതുവർഷം പല ഭൂഖണ്ഡങ്ങളിലായി വിവിധ ടൈം സോണുകളിലായിട്ടാണ് വന്നെത്തുന്നത് എങ്കിലും ഇന്നു സിനിമയും സാഹിത്യവും ഒരേ സമയം എല്ലായിടത്തും എത്തുന്നു. വായിക്കാനാഗ്രഹിക്കുന്ന എഴുത്താളുകളുടെ പുസ്തകങ്ങൾ പബ്ലിഷ് ചെയ്താൽ ഉടൻതന്നെ വായിക്കാൻ ലഭിക്കുന്നയാനന്ദം. ഒരു പുസ്തകം വായിക്കാൻ കാത്തിരുന്ന നാളുകളിൽനിന്നും എത്രമാത്രം മുന്നോട്ടുപോയി എന്നുമോർമിപ്പിക്കുന്നു. കൂടുതൽ സഞ്ചാരസ്വാതന്ത്യത്തോടൊപ്പം കൈവന്ന സന്തോഷമാണ് സിനിമകൾ കാണാനായുള്ള യാത്രകളും മ്യൂസിയങ്ങളും ആർട്ട് ഗാലറികളും മുതൽ പോപ്പപ്പ് ആർട്ട്ഷോകൾ വരെ കാണാനായുള്ള യാത്രകളും. ഈ വർഷമിറങ്ങുന്ന സിനിമകൾ കാണാനും പുസ്തകങ്ങൾ വായിക്കാനും ഈ വർഷം കേരളത്തിൽ നടക്കുന്ന ബിനാലെ, ന്യൂയോർക്കിൽ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലെ Frida and Diego: The Last Dream പോലുള്ള കലാപ്രദർശനങ്ങളും കാണാനുമായി കാത്തിരിക്കുന്നു.
കൂടുതൽ വായിക്കട്ടെ
സാഹിത്യവും കലയും നാനാമേഖലകളിൽ ഉള്ള മനുഷ്യരെ തമ്മിൽ സ്നേഹത്തോടെ ഒന്നിപ്പിക്കുന്ന ഘടകമാണ്. കേരളത്തിൽ ചെറുഗ്രാമങ്ങളിൽ പോലും ലിറ്ററേച്ചർ ഫെസ്റ്റിവലുകൾ കൊണ്ടാടപ്പെടുന്നത് വലിയ പ്രതീക്ഷ നൽകുന്നു. പുതിയ തലമുറ കൂടുതൽ വായനാശീലമുള്ളവരും കലാസാഹിത്യവാസനയുള്ളവരും ആയി മാറുമ്പോൾ അവർ വിശാലമാനവികതയുള്ളവരായി വളരും. മയക്കുമരുന്നുകൾ പോലുള്ള നശീകരണസ്വഭാവമുള്ള ശീലങ്ങളിൽ പെട്ടുപോവാതിരിക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ ഉൾപ്പെടെ, കലാസാഹിത്യമേഖലയിൽ ഉള്ളവർക്കു ചെയ്യാൻ കഴിയുകയും ചെയ്യും.
വർഗീയതയെ പുറത്താക്കണം
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കു ഞാൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പൊതുജനത്തെ വർഗീയതയുടെ വിഷമൂട്ടുന്നവരെ അധികാരസ്ഥാനങ്ങളിൽ എത്തിക്കാതിരിക്കാൻ വിവേകത്തോടെ ഓരോ വോട്ടും പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലിരിക്കുന്നു. പാരസ്പര്യവും സാഹോദ്യര്യവും സ്നേഹവും മറന്നു മനുഷ്യരെ തമ്മിലടിപ്പിക്കാനായി നടക്കുന്നവർക്കു നമ്മുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്താ തിരിക്കുക.
ഈ പുതുവർഷത്തിൽ വിവേകത്തോടെയുള്ള ചിന്തകൾകൊണ്ടും ചുവടുകൾകൊണ്ടും പ്രവൃത്തികൾ കൊണ്ടും സ്നേഹംകൊണ്ടും നല്ലൊരു ലോകം നമുക്കു ചുറ്റും സ്ഥിരമായി നിലനിൽക്കാൻ ഇനിയും എല്ലാവരും പ്രയത്നിക്കുമെന്ന പ്രതീക്ഷയിൽ… ഏവർക്കും പുതുവത്സരാശംസകൾ.
Kerala
കൊച്ചി: പപ്പാഞ്ഞിയെ കത്തിച്ച് 2026നെ വരവേറ്റ് കൊച്ചി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലുമായി രണ്ടു പപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കൊച്ചിന് കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിച്ചത്.
ഹൈബി ഈഡന് എംപിയാണ് പപ്പാഞ്ഞിക്ക് തീകൊളുത്തിയത്. വെളി മൈതാനത്ത് നടന് വിനയ് ഫോര്‍ട്ട് ആണ് പപ്പാഞ്ഞിക്ക് തീ കൊളുത്തിയത്. കൂടാതെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കൊച്ചിയുടെ പല ഭാഗത്തായി ഒരുക്കിയ പപ്പാഞ്ഞികളെയും അഗ്നിക്കിരയാക്കി.
ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. റോഡ് അരികില്‍ പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. അതേസമയം, കൊച്ചിന് കാര്‍ണിവല്‍ അവസാനിക്കുന്ന ഇന്ന് വൈകിട്ട് നാലിന് കാര്‍ണിവല്‍ റാലി നടക്കും. വെളി മൈതാനത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ റാലി സമാപിക്കും.
Leader Page
ഡിസംബർ 31ലെ മഞ്ഞുതിരുന്ന രാവ്. ഒരു വർഷം ഉരുട്ടിക്കയറ്റിയ ജീവിതഭാരം കൈവിട്ട് പൊട്ടിച്ചിരിക്കുന്ന നിമിഷം. ഹർഷവും ഉന്മാദവും സങ്കടവും നിരാശയും പ്രതീക്ഷയും കൂടിക്കലർന്ന് മനുഷ്യനെ വിണ്ണോളമുയർത്തി ഭൂമിയിലേക്കു തിരികെയെത്തിക്കുന്ന മാന്ത്രികാനുഭവമാണ് ഓരോ പുതുവത്സരവും സമ്മാനിക്കുന്നത്.
നാളെ രാവിലെ ഉണരും എന്ന പ്രതീക്ഷയോടെയാണ് എല്ലാ ദിവസവും രാത്രി നാം ഉറങ്ങുന്നത്. രാവിലെ കണ്ണു തുറക്കുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന തിരിച്ചറിവു നല്കുന്ന ആഹ്ലാദമാകട്ടെ അവർണനീയവും. ആ നിലയ്ക്ക് ഓരോ ദിവസവും പുതുജീവനാണ് നമ്മിൽ തുടിക്കുന്നത്. അനന്തമായ കാലപ്രവാഹത്തിൽ നിരവധി പുതുജീവിതങ്ങളിലൂടെ കടന്നുപോകുന്ന ജീവൻ.
പുതുവർഷമെത്തിയപ്പോൾ ജപ്പാനിലെ ഒരു സെൻ ആശ്രമത്തിലെ വാതിലിൽ ഗുരുവായ സന്യാസി എഴുതിവച്ചതിങ്ങനെ: “ഇന്നലെകൾ മരിച്ചു, നാളെകൾ ജനിച്ചിട്ടില്ല. അതിനാൽ ഈ നിമിഷം മാത്രമാണ് പുതിയത്.”
ഒരു ശിഷ്യൻ ആശ്ചര്യത്തോടെ ചോദിച്ചു: “ഗുരുവേ, പിന്നെ എന്തിനാണ് നമ്മൾ പുതുവർഷം ആഘോഷിക്കുന്നത്?” ചിരിച്ചുകൊണ്ട് ഗുരുവിന്റെ മറുപടി: “ഓരോ ശ്വാസവും ഓരോ പുതുവർഷമാണ്. നീ അത് തിരിച്ചറിയുന്ന നിമിഷം ആഘോഷമായി മാറുന്നു.”
കാലത്തെ വർഷങ്ങളായല്ല, ഓരോ നിമിഷവും ശ്വാസവുമായാണ് സെൻ ജീവിതം അനുഭവിക്കുന്നത്. ഇവിടെ പുതുവർഷം എന്നത് ഉണർന്നിരിക്കാനുള്ള ഒരു ഓർമപ്പെടുത്തൽ മാത്രമാണ്. പുതുവർഷം എന്നത് വരാനിരിക്കുന്ന ഒന്നല്ല, നാം ജീവിക്കുന്ന ഈ നിമിഷമാണെന്ന് ഈ കഥ നിരന്തരം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.
“വയസാകുംതോറും ആളുകൾ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാകും എന്നു പറയുന്നത് ശരിയല്ല. സ്വപ്നങ്ങളുടെ പിന്നാലെ പോകാതിരിക്കുമ്പോൾ അവർക്ക് വയസാകുകയാണ്” എന്ന് പറഞ്ഞത് ഗബ്രിയേൽ ഗാർസിയ മാർകേസ് ആണ്. ഓരോ ദിവസവും മാസവും വർഷവും മാറുമ്പോൾ മരണവും നമ്മളും തമ്മിലുള്ള ദൂരം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. തീവ്രവെളിച്ചത്തിന്റെ മതിഭ്രമങ്ങളുടെയും സംഗീതവിസ്ഫോടനങ്ങളുടെയും നൃത്തത്തിന്റെ ചടുലവേഗങ്ങളുടെയും അകമ്പടിയോടെ ഓരോ പുതുവർഷത്തിലും നമ്മളാഘോഷിക്കുന്നത് ആസന്നമായ നമ്മുടെ മരണത്തെത്തന്നെയല്ലേ?
മരണവും ഉത്ഥാനവും അതിജീവനവും, ചിന്തിക്കാൻ തുടങ്ങിയതുമുതൽ മനുഷ്യരുടെ ദാർശനികവ്യഥകൾക്കു കൂട്ടാണ്. ഓരോ രാവും മൃത്യുവിന്റേതാണ്. ഓരോ പുലർച്ചയും ഉയിർപ്പിന്റേതും. കാലത്തിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് കുതറിമാറാനുള്ള ശ്രമം ഓരോ ജീവിതത്തെയും വ്യതിരിക്തവും അർഥപൂർണവും വേദന നിറഞ്ഞതുമാക്കുന്നുണ്ട്. നൈമിഷികമായ ആഹ്ലാദങ്ങളും വിജയാട്ടഹാസങ്ങളും അന്തരീക്ഷത്തെ ത്രസിപ്പിക്കുന്നുണ്ടെങ്കിലും അകക്കാമ്പിൽ ആകുലനാണ് മനുഷ്യൻ. ആ ആകുലതയാണ് മതങ്ങളും ദർശനങ്ങളും പങ്കുവയ്ക്കുന്നത്. ആ ആകുലതയുടെ വകഭേദങ്ങളാണ് കൊല്ലുന്ന മനുഷ്യനെയും നശിപ്പിക്കുന്ന മനുഷ്യനെയും തിന്നുന്ന മനുഷ്യനെയും പീഡിപ്പിക്കുന്ന മനുഷ്യനെയുമൊക്കെ രൂപപ്പെടുത്തുന്നത്.
എല്ലാ ജീവജാലങ്ങളിലുമെന്നപോലെ അതിജീവനത്തിനുള്ള ത്വര മനുഷ്യരിലും തുടിക്കുന്നുണ്ട്. മനുഷ്യവംശത്തിന്റെ ചരിത്രംതന്നെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും തോരാമഴയുടെ പെയ്ത്താണ്. “കാലമിനിയുമുരുളും, വിഷു വരും, വർഷം വരും” എന്ന് കവി പാടുമ്പോഴും, ഹിറ്റ്ലർക്കു മുന്നിൽ നാലു സ്വർണപ്പതക്കം മാറോടടുക്കി കറുത്തൊരു മഹാമേരുവായി നിന്ന ജസ്സി ഓവൻസിനെ ഓർക്കുമ്പോഴും, ബധിരതയ്ക്കു നേരേ പുഞ്ചിരിച്ച് ഉൾമനസിലെ താളബോധത്താൽ ബീഥോവൻ തീർത്ത സിംഫണികൾ നമുക്കുള്ളിൽ പിടഞ്ഞുയരുമ്പോഴും ഈ തോരാമഴ നാമനുഭവിക്കുന്നുണ്ട്.
യുദ്ധഭൂമിയാണ് മനുഷ്യമനസ്. അവിടെ ചിതറിവീഴുന്ന കബന്ധങ്ങൾക്കും ഒഴുകുന്ന ചോരയ്ക്കും അവസാനമില്ല. ഓരോ ദുരന്തവും ചങ്ങല കിലുക്കി നമ്മെ തളച്ചിടാനെത്തുമ്പോഴും ഫീനിക്സ് പക്ഷിയുടെ ചിറകടിയാണ് ഉള്ളിലുയരേണ്ടത്. “കഴിഞ്ഞ വർഷത്തെ വാക്കുകൾ കഴിഞ്ഞ വർഷത്തെ ഭാഷയുടേതാണ്; വരാനിരിക്കുന്ന വർഷത്തെ വാക്കുകൾ പുതിയൊരു ശബ്ദത്തിനായി കാത്തിരിക്കുന്നു.” എന്ന ടി.എസ്. എലിയറ്റിന്റെ വാക്കുകൾ തീവ്രസംഗീതമായി കൂടെയുണ്ട്.
അനിശ്ചിതത്വത്തിന്റെയും ആശ്ചര്യങ്ങളുടെയും സാധ്യതകളുടെയും സൗന്ദര്യശാസ്ത്രമാണ് ജീവിതത്തെ നയിക്കുന്നത്. അവിടെ മാറ്റത്തിന്റെ രഹസ്യം പഴയതിനോട് പോരാടുന്നതിലല്ല; മറിച്ച്, പുതിയത് കെട്ടിപ്പടുക്കുന്നതിലാണ്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ നിറഞ്ഞ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ അനിശ്ചിതത്വത്തെ മറികടന്ന് സാധ്യതകളെ സ്വീകരിക്കാൻ നാം തയാറാകുകയാണ്.
മനുഷ്യന്റെ അന്വേഷണകാന്തി ഓരോ പുലരിയെയും ജ്വലിപ്പിക്കുകയാണ്. രണ്ടുപേർ ഒരിക്കലും ഒരു വഴിക്ക് അന്വേഷിക്കുന്നില്ല എന്ന് ലോകസാഹിത്യത്തിലെ മഹാനായ ജർമൻ ദാർശനികൻ ഹെർമൻ ഹെസ്സെ വിളംബരം ചെയ്യുമ്പോൾ ഈ സത്യമാണ് തെളിഞ്ഞു പ്രകാശിക്കുന്നത്.
ഹെസ്സെയുടെ ‘സിദ്ധാർഥ’ എന്ന നോവലിൽ മകന്റെ അവഹേളനത്താൽ ആകുലചിത്തനായി സിദ്ധാർഥ ഒരു നദിയിലിറങ്ങുന്നുണ്ട്. അച്ഛൻ, മകൻ, കമല, ഗോവിന്ദ, ഒടുവിൽ താനും നദിയിൽ പ്രത്യക്ഷമാകുകയാണ്. എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക്. ഓരോരുത്തരും ഓരോ ലക്ഷ്യത്തിലേക്കു തിരിഞ്ഞുനിൽക്കുന്നു. എല്ലാവർക്കും അവരവരുടേതായ വേദനകൾ. എന്നാൽ എല്ലാ വേദനകളും നദിയുടെ ഒഴുക്കിൽ അലിഞ്ഞില്ലാതാകുന്നു. ഈ പുഴ കാലപ്രവാഹമാണ്. കാലപ്രവാഹത്തിൽ അലിയാത്ത വേദനകളില്ല എന്ന ശാശ്വതസത്യമാണ് ഈ പുഴയിലെ ഓളങ്ങൾ മനുഷ്യരോടു പറയുന്നത്.
ഹെസ്സെയുടെ ‘ഏകാകിയായ ചെന്നായ’യെപ്പോലെയാണ് ആധുനികലോകത്തിലെ മനുഷ്യർ. ഒരേസമയം ചെന്നായയായും മനുഷ്യനായും അവർ മാറും. അധികാരത്തിനു മുന്നിൽ മുട്ടുകുത്തി നാലുകാലിൽ ഇഴയേണ്ടിവരുന്നു. അടുത്തനിമിഷം ഇരയുടെമേൽ ചെന്നായയെപ്പോലെ ചാടിവീണ് കടിച്ചുകീറുന്നു.
യുദ്ധത്തിന്റെയും അശാന്തിയുടെയും കാർമേഘപടലങ്ങൾ ഭൂമിയെ മൂടിയിരിക്കുന്നു. അതിനിടയിലൂടെ കടന്നുവരാൻ സൂര്യരശ്മികൾ അതികഠിനമായ ശ്രമത്തിലാണ്. എന്നത്തെയുംപോലെ പഴയതിനെ നവീകരിച്ചുകൊണ്ട് പുതിയൊരു തലമുറ ഉദയം ചെയ്യുന്നുണ്ട്. ഭേദചിന്തകളില്ലാതെ, കാപട്യങ്ങളില്ലാതെ വളരാൻ അവർക്ക് ഇടമുണ്ടാകട്ടെ. തങ്ങളുടെമേൽ പുതച്ചിരിക്കുന്ന ആട്ടിൻതോലിന്റെ നിഷ്കളങ്കതയിലേക്ക് ചെന്നായ്ക്കൾ പരിവർത്തനം ചെയ്യപ്പെടട്ടെ.
“മഞ്ഞുകാലത്തിന്റെ മധ്യത്തിലും തന്റെയുള്ളിൽ തോൽപ്പിക്കാനാകാത്ത ഒരു വേനൽക്കാലമുണ്ട്” എന്ന് ലെയോ ടോൾസ്റ്റോയി തിരിച്ചറിഞ്ഞതുപോലെ ഈ പുതുവർഷനിമിഷത്തിൽ മനുഷ്യരാശിക്കും തിരിച്ചറിവുണ്ടാകട്ടെ.
International
വത്തിക്കാൻ സിറ്റി: പഴയ വർഷത്തിൽനിന്ന് പുതിയ വർഷത്തിലേക്കു കടക്കുമ്പോൾ നമുക്ക് നമ്മെ ദൈവത്തിനു ഭരമേൽപ്പിക്കാമെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന 2025ലെ അവസാന പൊതുകൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ.
പോയ വർഷം ചൊരിഞ്ഞ കൃപകൾക്കു ദൈവത്തിനു നന്ദി പറയാനും വീഴ്ചകൾക്കു ക്ഷമ ചോദിക്കാനും മുന്നോട്ടുള്ള യാത്ര ദൈവകരങ്ങളിൽ ഭരമേൽപ്പിക്കാനും മാർപാപ്പ വിശ്വാസികളെ ക്ഷണിച്ചു.
പ്രത്യാശയുടെ ജൂബിലിവർഷത്തിൽ നിരവധി വിശ്വാസികളുടെ തീർഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം, ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധസാഹചര്യങ്ങൾ എന്നിവപോലുള്ള വേദനാജനകമായ അനുഭവങ്ങളുമുണ്ടായി. സന്തോഷവും ദുഃഖവുമെല്ലാം ദൈവത്തിനു സമർപ്പിക്കാനും കൃപയുടെയും കരുണയുടെയും അദ്ഭുതങ്ങൾ വർഷിക്കപ്പെടാൻ ദൈവത്തോട് അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
കർത്താവ് നമുക്കായി കഴിഞ്ഞ വർഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവിടുന്ന് നമുക്കു നൽകിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും സാധിക്കണം.
അവിടുന്ന് നമുക്കേകിയ പ്രചോദനങ്ങളെ വിലമതിക്കാനും നമ്മിൽ ഭരമേൽപ്പിച്ചിരുന്ന താലന്തുകൾ ഏറ്റവും മെച്ചപ്പെട്ട രീതിയിൽ നിക്ഷേപിക്കാനും സാധിക്കാതിരുന്ന നിമിഷങ്ങളെയോർത്ത് ക്ഷമ യാചിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാർഥിക്കാനും ക്രിസ്തുവിനോടൊപ്പമായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാനുമായി ഒരുപാട് തീർഥാടകർ ഈ വർഷം ഇവിടെയെത്തി.
നമ്മുടെ ജീവിതംതന്നെ ഒരു യാത്രയാണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂർണവും ശാശ്വതവുമായ കൂട്ടായ്മയിലുമാണ് അതു പൂർത്തീകരിക്കപ്പെടുകയെന്നുമാണ് ജൂബിലി തീർഥാടനം നമ്മെ ഓർമിപ്പിക്കുന്നത് -മാർപാപ്പ പറഞ്ഞു.
Kerala
തിരുവനന്തപുരം: ആഘോഷങ്ങളോടെയും ആരവങ്ങളോടെയും പുതുവർഷത്തെ വരവേറ്റ് നാടും നഗരവും. ലോകത്താകമാനമുള്ള ജനങ്ങൾ സംഗീത നൃത്ത പരിപാടികളുടെ അകമ്പടികളോടെയാണ് 2026നെ വരവേറ്റിരിക്കുന്നത്.
പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് ഇത്തവണയും പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30ന് ആയിരുന്നു കിരിബത്തിയിൽ പുതുവർഷം പുലർന്നത്. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരുന്നത്.
തിരുവനന്തപുരത്ത് നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ മുതൽ കോവളത്തും വർക്കല ബീച്ചിലുമായി വൈവിധ്യമാർന്ന പരിപാടികളോടെ പുതുവർഷാഘോഷങ്ങൾ നടന്നു. ഇത്തവണ തലസ്ഥാനത്ത് കൊച്ചിയിലെ കാർണിവൽ മാതൃകയിൽ 10 കലാകാരന്മാർ ചേർന്ന് നിർമ്മിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിച്ചതും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
തിരുവനന്തപുരത്തിന് പുറമേ ഫോർട്ട്കൊച്ചിയിൽ രണ്ടിടങ്ങളിലും കാക്കനാടും വിവിധ പരിപാടികളോടെ പുതുവർഷത്തെ വരവേറ്റു. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിലും സംഗീത നൃത്ത പരിപാടികളോടെ പുതുവത്സരാഘോഷങ്ങൾ അരങ്ങേറി.
National
ന്യൂഡൽഹി: പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ ഊർജ്ജം പകരട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.
പുതുവത്സരം നവോന്മേഷത്തിന്റെയുംയും നല്ല മാറ്റത്തിന്റെയും പ്രതീകമാണ്. ആത്മപരിശോധനയ്ക്കും പുതിയ പ്രതിജ്ഞകൾക്കുമുള്ള അവസരമാണ്. രാജ്യത്തിന്റെ വികസനം, പരിസ്ഥിതി സംരക്ഷണം, ഐക്യം എന്നിവയോടുള്ള പ്രതിബന്ധത ശക്തിപ്പെടുത്താമെന്നും ദ്രൗപദി മുർമു ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Editorial
“നാളെ മുതൽ ഞാൻ....” എന്നു തുടങ്ങുന്ന സത്യപ്രതിജ്ഞ ചൊല്ലി ഇന്നലെ ഉറങ്ങാൻ കിടന്ന മനുഷ്യരിതാ 2026ലേക്ക് ഉണർന്നിരിക്കുന്നു. ലക്ഷ്യത്തിലെത്താനായില്ലെങ്കിലും പ്രതിജ്ഞകൾ മാറ്റത്തിനുവേണ്ടിയുള്ള, മനുഷ്യന്റെ അടക്കാനാകാത്ത അഭിവാഞ്ഛയാണ്. 21-ാം നൂറ്റാണ്ടിന്റെ കാൽ ഭാഗം കഴിഞ്ഞിരിക്കുന്നു. വ്യക്തിപരം എന്നതിനപ്പുറം നാം മനുഷ്യവംശം എന്ന നിലയിൽ ചില പ്രതിജ്ഞകളെടുക്കാൻ സമയമായി. ഓരോ വർഷാന്ത്യരാത്രിയിലും പാപ്പാഞ്ഞിയെ കത്തിച്ച നമ്മൾ പൈതൃകമായി ലഭിച്ചതും ആർജിച്ചതുമായ വിദ്വേഷത്തെയും വംശവെറിയെയും അഹംബോധത്തെയും കത്തിച്ചില്ല.
ഉപയോഗിച്ചുപയോഗിച്ച് അത് 21-ാം നൂറ്റാണ്ടിലെ മനുഷ്യന്റെ മറ്റൊരവയവമായി പരിണമിക്കുകയാണ്. നമുക്കു പാട്ടുപാടി, യാത്രകൾ ചെയ്ത്, വിശപ്പും വിരുന്നും പങ്കുവച്ച്, ഒന്നിച്ചാഘോഷിച്ചു ജീവിക്കാനാവില്ലേ? തീർച്ചയായും. കഴിഞ്ഞവർഷം പുതുവത്സരമാഘോഷിച്ച പലരും ഇപ്പോൾ കുരിശും കുറിയും നിസ്കാരത്തഴന്പുമില്ലാത്ത അസ്ഥികൂടങ്ങളാണെന്നോർത്താൽ സാഹോദര്യത്തിനൊരു തടസവുമില്ല. പറ്റില്ലെന്നു പറയുന്നത് രോഗമാണ്; എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
2025ൽ മുഖപ്രസംഗങ്ങളിൽ ഉൾപ്പെടെ ദീപിക ഏറ്റവുമധികം എഴുതിയത് ജനാധിപത്യം, വർഗീയത, തീവ്രവാദം, വന്യജീവി-തെരുവുനായശല്യം, കർഷകരുടെ പ്രതിസന്ധികൾ, അഴിമതി, വനംവകുപ്പിന്റെ ജനദ്രോഹങ്ങൾ, മാലിന്യനിർമാർജനം, ദളിത്-ആദിവാസി പിന്നാക്കാവസ്ഥ, മയക്കുമരുന്ന്, കുടുംബം തുടങ്ങിയ വിഷയങ്ങളാണ്. നോക്കൂ, ഇതേ വിഷയങ്ങൾ 2026ലും എഴുതേണ്ടിവന്നിരിക്കുന്നു. കാരണം, രാഷ്ട്രീയ പാർട്ടികളും സർക്കാരുകളും മാറ്റത്തിനു തയാറായില്ല. ജനങ്ങളുടെ അടിസ്ഥാനവിഷയങ്ങൾ പരിഹരിക്കുന്നില്ല.
കാടുകളും കൃഷിയിടങ്ങളും പങ്കുവയ്ക്കുന്ന സമാനതകൾ അവർക്കറിയില്ല. വനംവകുപ്പിന്റെ ചുമതല, വന്യജീവികളെ അയച്ച് കർഷകരെ വേട്ടയാടുകയും കൃഷിയിടങ്ങളിൽനിന്നു കുടിയിറക്കുകയും ചെയ്യുന്നതിലേക്കു ചുരുങ്ങി. നാലാം സാന്പത്തികശക്തിയെന്ന് അവകാശപ്പെട്ട രാജ്യത്തിന്റെ പുറന്പോക്കുകളിൽ ആളുകൾ പുഴുക്കളെപ്പോലെ നരകിക്കുന്നു. തെരുവുനായശല്യം പരിഹരിക്കാൻപോലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കഴിയുന്നില്ല.
മാലിന്യങ്ങൾ മണ്ണും ജലവും വിഷമാക്കി. ദളിതരും ആദിവാസികളും പിന്നാക്കാവസ്ഥയിലും വിവേചനത്തിലും ശ്വാസം മുട്ടുന്നു. മതങ്ങൾക്കു മുകളിൽ തീവ്രചിന്ത അപരവിദ്വേഷത്തിന്റെ നാസിക്കൊടി നാട്ടുന്നു. അതിർത്തിയിലൊതുങ്ങിയിരുന്ന യുദ്ധങ്ങൾ ഗ്രാമമുക്കുകളിലും നാൽക്കവലകളിലുമൊക്കെയെത്തി. ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുത്തു. സമൂഹമാധ്യമങ്ങൾ വിവരസാങ്കേതികവിദ്യകളുപയോഗിച്ച് കത്തികളും തോക്കുകളും പണിതു. മയക്കുമരുന്നും കുറ്റകൃത്യങ്ങളും ഇരുചക്രവാഹനങ്ങളിലും കാൽനടയായും നാടു ചുറ്റുകയാണ്... ഇതൊക്കെ ചൂണ്ടിക്കാണിക്കാതെ, ഭരണാധികാരികൾക്കും നേതാക്കൾക്കും കീർത്തനമാലപിക്കുന്നതല്ലല്ലോ മാധ്യമപ്രവർത്തനം. പരിഹരിക്കാനേറെയുണ്ടെങ്കിലും മതത്തിന്റെ പേരിലുള്ള ധ്രുവീകരണത്തെയാണ് നാം ആദ്യം അഭിസംബോധന ചെയ്യേണ്ടത്.
പരിഹാരങ്ങളുണ്ട്. 2025ന്റെ അവസാനദിനങ്ങളിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന വർഗീയ ഉത്തരവുകൾക്കിടെ, അന്പലത്തിലെ ഭജനക്കാർ കരോൾഗാനം പാടി നമ്മെ വിളിച്ചുണർത്തിയിരിക്കുന്നു. യഥാർഥ വിശ്വാസികളായിരുന്നു അവർ. സാന്താക്ലോസ് വേഷം ധരിച്ച ഹിന്ദു-മുസ്ലിം മതവിശ്വാസികൾ സമൂഹമാധ്യമങ്ങളിൽ ഫോട്ടോകളിട്ട് തങ്ങളിവിടെയുണ്ടെന്നു പറഞ്ഞു. പള്ളിയുടെ സെമിത്തേരിയിൽ ഹിന്ദുവിന്റെ സംസ്കാരം അവരുടെ ആചാരപ്രകാരം നടത്തിയ നാടാണിത്. കോവിഡിന്റെയും പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കാലത്ത് പരസ്പരം താങ്ങായി നിന്നവരെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങൾ വിജയിക്കരുത്. വെറുപ്പിന്റെ ഫാക്ടറികൾ ഉത്പാദിപ്പിക്കുന്ന വിഷം പ്രധാനമായും സമൂഹമാധ്യമങ്ങളിലൂടെയാണ് വിതരണം ചെയ്യുന്നതെന്നു മറക്കരുത്.
കുറച്ചുപേരേ ഉള്ളെങ്കിലും അവർ രാപകൽ അവിടെയുണ്ട്. യഥാർഥ മതവിശ്വാസികൾ ആക്രോശവും അസഭ്യവും ഭയന്ന് പ്രതികരിക്കാറില്ല. സർക്കാരുകളും വിദ്വേഷവ്യാപാരികൾക്കെതിരേ ജാഗ്രത പാലിക്കണം. വിദ്വേഷപ്രസംഗത്തെ കലയായി കൊണ്ടുനടക്കുന്നവർക്കെതിരേ ഓരോന്നിനും കേസെടുക്കണം. കുട്ടികൾ എല്ലാ മതസ്ഥർക്കുമൊപ്പം പഠിക്കുകയും കളിക്കുകയും വേണം. എല്ലാവർക്കുമുണ്ട് ചുമതല. മതങ്ങൾ ഈ വിഷയത്തെ അടിയന്തരമായി നേരിടണം. മതനേതാക്കൾ സൗഹാർദത്തെയും സഹിഷ്ണുതയെയും കുറിച്ച് ആവർത്തിച്ചു പ്രസംഗിക്കണം. സമൂഹമാധ്യമങ്ങളിലെ വ്യക്തി-വർഗീയ-രാഷ്ട്രീയ മാലിന്യക്കെട്ടുകൾ ഒരാളും ഏറ്റെടുക്കരുത്.
ജീവിതത്തിന്റെ സൗന്ദര്യവും നൈമിഷികതയും സാഹോദര്യത്തിന്റെ ആനന്ദവുമോർത്ത് ഒരു നിമിഷം കണ്ണടയ്ക്കൂ. എന്നിട്ടു ഹൃദയം തുറക്കൂ. 2026 ഒരു അവസരംകൂടി തന്നിരിക്കുന്നു. പുതുവത്സരാശംസകൾ!
Kerala
കൊച്ചി: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ കൂടുതൽ സർവീസ് നടത്തും. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേയ്ക്ക് ഇന്ന് വൈകുന്നേരം ഏഴ് വരെയായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക.
അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് വാട്ടാർ മെട്രോ അധികൃതർ അറിയിച്ചു.
രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ നാല് വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈക്കോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു.
അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർഥിച്ചു.
International
കൊച്ചി: 2026നെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിൽ പുതുവർഷം പിറന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കിരിബാത്തിയിൽ പുതുവർഷമെത്തിയത്.
ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും.
അതേസമയം, ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കാണ് അമേരിക്കയിൽ പുതുവർഷമെത്തുന്നത്. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്.
Kerala
കൊച്ചി: കൊച്ചിക്ക് ഇന്ന് ഉറക്കമില്ലാത്ത രാവ്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷത്തിന്റെ പ്രധാന ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നത്. കൊച്ചിന് കാര്‍ണിവലിന് എത്തുന്നവര്‍ക്കായി അതീവ സുരക്ഷയൊരുക്കിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. 1,200 ഓളം പോലീസ് ഉദ്യോഗസ്ഥരാണ് ഇന്ന് ഡ്യൂട്ടിക്ക് ഇറങ്ങുന്നത്. ഇതില്‍ 13 ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരും 28 ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടും.
കൊച്ചിന് കാര്‍ണിവലിനോടനുബന്ധിച്ച് പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി പരേഡ് ഗ്രൗണ്ട്, വെളി ഗ്രൗണ്ട് പരിസരത്ത് പാര്‍ക്കിംഗ് നിരോധിക്കും. ഇന്ന് ഉച്ചക്ക് രണ്ടിന് ശേഷം ഈ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കി നിര്‍ദിഷ്ട പാര്‍ക്കിംഗ് മേഖലകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട്കൊച്ചിക്ക് പുറമേ ആഘോഷം നടക്കുന്ന ഇടങ്ങളിലെല്ലാം സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുകുട്ടികളെ കാര്‍ണിവലിന് കൊണ്ടുവരുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു. കൊച്ചി കോര്പറേഷന്, അഗ്നി രക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസ് ഉടമകള്‍, പൊതുമരാമത്ത് വകുപ്പ്, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ആര്‍ടിഒ, വാട്ടര്‍ മെട്രോ തുടങ്ങി നിരവധി വകുപ്പുകള്‍ കൂട്ടായാണ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
വൈപ്പിന്‍ ഭാഗത്തു നിന്നും റോറോ ജങ്കാര്‍ വഴി ഫോര്‍ട്ട്കൊച്ചിയിലേക്ക് വാഹനങ്ങള്‍ വൈകിട്ട് നാല് വരെയും ആളുകളെ ഏഴ് വരെയും മാത്രമേ കടത്തിവിടുകയുള്ളൂ. അതിനുശേഷം ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും മടങ്ങുന്നവര്‍ക്ക് മാത്രമേ റോ-റോ ജങ്കാര്‍ സൗകര്യം ഉണ്ടാവുകയുള്ളൂ. വൈപ്പിനില്‍ നിന്നും ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
ബസുകള്‍ പുലര്‍ച്ചെ മൂന്നു വരെ സര്‍വീസ് നടത്തും. മെട്രോ റെയില്‍ പുലര്‍ച്ചെ രണ്ട് വരെയും വാട്ടര്‍ മെട്രോ പുലര്‍ച്ചെ നാലുവരെയും പ്രവര്‍ത്തിക്കും. കൂടാതെ കൊച്ചി ഫീഡര്‍ ബസുകളുടെ സേവനവും ലഭ്യമായിരിക്കും. തിരക്ക് കണക്കിലെടുത്ത് ബയോ ടോയ്ലറ്റ് സംവിധാനങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
District News
കൊച്ചി: മലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിനോട് അനുബന്ധിച്ച് ഇന്നു വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം. വാഹനങ്ങള്‍ പ്രത്യേകം തയാറാക്കിയ പാര്‍ക്കിംഗ് ഏരിയയില്‍ മാത്രം പാര്‍ക്ക് ചെയ്യണം. മലയാറ്റൂര്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് മുതല്‍ അടിവാരം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
വലിയ വാഹനങ്ങള്‍ കോടനാട് - മലയാറ്റൂര്‍ പാലത്തിന്റെ ഇപ്പുറത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ആര്‍സി ഉടമയ്ക്കെതിരെ നടപടി എടുക്കുകയും ചെയ്യും. മുന്‍കൂര്‍ അനുമതി വാങ്ങാതെ ട്രക്ക്, ടിപ്പര്‍ തുടങ്ങിയ വാഹനങ്ങള്‍ ഈ വഴി ഉപയോഗിക്കാന്‍ പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മലയാറ്റൂര്‍ കാര്‍ണിവലിന് തൃശൂര്‍, ചാലക്കുടി, അങ്കമാലി ഭാഗത്ത് നിന്നു വരുന്നവര്‍ അങ്കമാലി ടിബി ജംഗ്ഷന്, തുറവൂര്‍, ചന്ദ്രപ്പുര, നടുവട്ടം, ജംഗ്ഷന്, നീലീശ്വരം വഴി വേണം മലയാറ്റൂര്‍ അടിവാരത്ത് എത്താന്‍. കാലടി ഭാഗത്ത് നിന്നുള്ളവര്‍ മേക്കാലടി, നീലീശ്വരം വഴി എത്തണം.
പെരുമ്പാവൂര്‍ ഭാഗത്ത് നിന്നുള്ളവര്‍ കുറിച്ചിലക്കോട്, കോടനാട്-മലയാറ്റൂര്‍ പാലം വഴിയാണ് വരേണ്ടത്. കോട്ടയം ഭാഗത്ത് നിന്നു വരുന്നവര്‍ക്ക് കീഴില്ലം ഷാപ്പുപടിയില്‍ തിരിഞ്ഞ്, രായമംഗലം, കുറുപ്പംപടി, കുറിച്ചിലക്കോട്, കോടനാട് - മലയാറ്റൂര്‍ പാലം വഴി എത്താം.
കോതമംഗലം ഭാഗത്ത് നിന്നുള്ളവര്‍ കുറുപ്പംപടി ജംഗ്ഷനില്‍ തിരിഞ്ഞ് കുറിച്ചിലക്കോട്, കോടനാട് മലയാറ്റൂര്‍ പാലം വഴിയും മലയാറ്റൂര്‍ അടിവാരത്ത് എത്താം. രാത്രി 11.45ന് ശേഷം വാഹനങ്ങളും കാല്‍നട യാത്രക്കാരെയും കാര്‍ണിവല്‍ സ്ഥലത്തേക്ക് കടത്തി വിടില്ല.
അതേസമയം, മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയിലുള്ള മണപ്പാട്ടു ചിറയ്ക്ക് ചുറ്റുമുള്ള 10,023 നക്ഷത്രങ്ങളാണ് മലയാറ്റൂര്‍ കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണം. 60 അടിയുള്ള കൂറ്റന്‍ പപ്പാഞ്ഞിയും ഇവിടെയുണ്ട്. പുതുവര്‍ഷ പിറവിയില്‍ പപ്പാഞ്ഞിയെ ഡിജെ സംഗീതത്തിന്റെ അകമ്പടിയോടെ അഗ്നിക്കിരയാക്കും.
District News
കോഴിക്കോട്: പുതുവര്‍ഷ പുലരി മുതല്‍ ദേശീയപാത 66ല്‍ കോഴിക്കോട് വെങ്ങളം- രാമനാട്ടുകര റീച്ചില്‍ ടോള്‍പിരിവ് തുടങ്ങും. ടോള്‍ നിരക്കിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നല്കി. ഇന്ന് അര്‍ധരാത്രി 12ന് ശേഷം ടോള്‍ പിരിവ് തുടങ്ങാനാണ് ദേശീയപാത അഥോറിറ്റിയുടെ തീരുമാനം. ടോള്‍നിരക്ക് ഉടന്‍ വിജ്ഞാപനം ചെയ്യും.
പന്തീരാങ്കാവിലെ ടോള്‍പ്ലാസയുടെ പേര് ഒളവണ്ണ ടോള്‍ പ്ലാസ എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഹുളി എന്ന കമ്പനിയാണ് മൂന്നുമാസത്തേക്ക് ടോള്‍പിരിവ് നടത്തുക. തുടര്‍ന്ന് ഒരുവര്‍ഷത്തേക്കുള്ള ടോള്‍ പിരിവിന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 340 രൂപയുടെ പാസ് എടുത്താല്‍ ഒരുമാസംമുഴുവന് എത്രതവണ വേണമെങ്കിലും യാത്രചെയ്യാം. നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത കമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും ഇളവുണ്ട്.
കാര്‍, ജീപ്പ്, ചെറിയ വാന്‍ എന്നിവക്ക് ഒരു വശത്തേയ്ക്ക് കടന്നുപോകാന്‍ 90 രൂപ നല്‍കണം. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 45 രൂപ കൂടി അധികം നല്കിയാല് മതി. ആകെ 135 രൂപ. മിനിബസ്, ചെറിയ ചരക്കുലോറി എന്നിവയ്ക്ക് ഒരുവശത്തേയ്ക്ക് 145 രൂപയാണ്. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 70 രൂപ കൂടി ഈടാക്കും.
ആകെ 215 രൂപ. ബസ്, ട്രക്ക് എന്നിവയ്ക്ക് 300 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 24 മണിക്കൂറിനകം തിരിച്ചുവന്നാല്‍ 155 അധികമായി ഈടാക്കും. മൊത്തം തുക 455. ത്രീ എക്സ്എല്‍ ട്രക്കുകള്‍ 330 രൂപ നല്‍കണം. തിരിച്ചുവന്നാല്‍ 165 കൂടി ചേര്‍ത്ത് ആകെ 495 രൂപ. എച്ച്സിഎം, എംഎംവി ട്രക്കുകള്‍ക്ക് 475 രൂപയാണ് നല്‍കേണ്ടത്. തിരിച്ചുവന്നാല്‍ 235 കൂടി നല്‍കണം. അമിതവലുപ്പമുള്ള വാഹനങ്ങള്‍ നല്‍കേണ്ടത് 575 രൂപയാണ്. തിരിച്ചുവന്നാല്‍ 290 രൂപ കൂടി ഈടാക്കും.
2021 ഓഗസ്റ്റ് 15 ന് ആരംഭിച്ച വെങ്ങളം രാമനാട്ടുകര റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായി ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. ഈ റീച്ചില്‍ 28.4 കിലോമീറ്ററാണ് റോഡിന്റെ നീളം. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായത്.
സംസ്ഥാനത്തെ ദേശീയപാത നിര്‍മാണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒരു കിലോമീറ്ററിന് 63 കോടിയിലധികം രൂപ ചെലവഴിച്ചാണ് രാമനാട്ടുകര- വെങ്ങളം റീച്ച് പുര്‍ത്തിയാക്കിയത്. ഈ റീച്ചില്‍ വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, ഹൈലൈറ്റ് മാള്‍, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ ഫ്ളൈ ഓവറുകളുണ്ട്.
നിര്‍മാണം നടത്തിയ കെഎംസി കണ്‍സ്ട്രക്ഷന്‍സ് തന്നെ 15 വര്‍ഷത്തേക്ക് പാതയുടെ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കണമെന്നാണ് കരാര്‍. ടോള്‍പ്ലാസയുടെ പ്രവര്‍ത്തനത്തിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവ ടോള്‍ പ്ലാസയോടനുബന്ധിച്ച് ഉണ്ടായിരിക്കും. അമിത വേഗതയും മറ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ ദേശീയപാതയില്‍ വിവിധ ഭാഗങ്ങളിലായി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
District News
വിഴിഞ്ഞം: 2025-നെ യാത്രയാക്കി പുതുവർഷത്തെ വരവേൽക്കാൻ സഞ്ചാരികളുടെ പറുദ്ദീസയായ കോവളത്ത് ഇന്ന് ആയിരങ്ങൾ ഒത്തു ചേരും. അവസാന ദിനത്തിലെ സൂര്യന്റെ ചെങ്കിരണങ്ങൾ അറബിക്കടലിൽ താഴുന്നതു മുതൽ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12 മണി വരെ തുടരും. യാത്ര അയക്കാനും പുതുവർഷത്തെ സ്വീകരിക്കലിനും ശിങ്കാരിമേളത്തിന്റെയും തെയ്യത്തിന്റെയും അകമ്പടിയുണ്ടാകും.
ഇന്നു വൈകുന്നേരം അഞ്ചുമുതൽ അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രമായ ഹൗവ്വാബീച്ചിൽ നിന്നാരംഭിക്കുന്ന താള- മേള ഘോഷയാത്ര ലൈറ്റ്ഹൗസ് ബീച്ചും പരിസരവും ചുറ്റിയടിച്ച് സഞ്ചാരികളെ പുതുവർഷവരവ് അറിയിക്കും. ഉച്ചമുതൽ ആരംഭിക്കുന്ന സഞ്ചാരികളുടെ വരവ് രാത്രി പന്ത്രണ്ടു വരെ തുടരും. ഈ സമയത്തിനുള്ളിൽ ജനനിബിഡമാകുന്ന ബീച്ചും പരിസരവും ആഘോഷത്തിമിരപ്പിലാകും.
12 മണിക്ക് പുതുവർഷവരവ് അറിയിച്ച് സമീപത്തെ ഹോട്ടലുകളിൽനിന്നും ടൂറിസംവകുപ്പ് ഒരുക്കുന്നതുമായ പൂത്തിരികൾ ആകാശത്ത് പൊട്ടിച്ചിതറുന്നതോടെ ആഘോഷത്തിന് വിരാമമാകും. പുതുവർഷത്തെവരവേൽക്കാനെത്തിയ ആയിരങ്ങളുടെ സുരക്ഷയാത്രക്കുള്ള മുന്നറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങും. അര മണിക്കൂറിനുള്ളിൽ ബീച്ച് ഏറെക്കുറെ ശൂന്യമാകും. നാടിന്റെ നാനാ ദിക്കിൽനിന്ന് ഒഴുകിയെത്തുന്നവർക്ക് സുരക്ഷയൊരുക്കാൻ നിയമപാലകരുടെ ഒരുവൻ പട തന്നെയുണ്ടാകും. നിയന്ത്രണംവിട്ട് കളിക്കുന്നവരെയും സാമൂഹ്യ വിരുദ്ധരെയും പിടികൂടാൻ ചാരക്കണ്ണുകളുമായി നിരീക്ഷണ കാമറകളുണ്ടാകും.
മഫ്ടിയിലും യൂണിഫോമിലുമായുള്ള പോലീസിനുപരി കുതിരപ്പോലീസും ബീച്ചിലുട നീളം റോന്തുചുറ്റും. പ്രകാശം പരത്താൻ ലൈറ്റുകളും വാച്ച് ടവറുകളും കൺട്രോൾ റൂമും എല്ലാം പുതുവർഷപ്പിറവികാണാൻ എത്തുന്നവരുടെ സുരക്ഷക്കായുണ്ടാകും. ഇന്നു രാവിലെ മുതൽ കോവളം ഉൾപ്പെടെയുള്ള മേഖലയിൽ മദ്യപാനികളെയും സാമൂഹ്യ വിരുദ്ധരെയും മയക്കുമരുന്ന് കടത്തുകാരെയും പിടികൂടാൻ പോലീസിന്റെയും എക്സൈസ് അധികൃതരുടെയും കർശന വാഹന പരിശോധന തുടരും.
അധികൃതരുടെ കണ്ണു വെട്ടിച്ചു കടക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താനും സംവിധാനമുണ്ട്. കടലിൽ ഇറങ്ങുന്നവരുടെ ജീവൻ രക്ഷക്കായി ലൈഫ് ഗാർഡുമാരും ജാഗരൂകരായി 24 മണിക്കൂറും രംഗത്തുണ്ടാകും. കോവളത്തിനൊപ്പം അടിമലത്തുറയിലും പൂവാർ പൊഴിക്കരയിലും പുതുവർഷ ആഘോഷമുണ്ടാകും. പൊഴിക്കരയിൽ രാത്രി കർശന നിയന്ത്രണമുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
District News
തിരുവനന്തപുരം: 2025 വിടപറയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രതീക്ഷയുടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി അനന്തപുരി.
കനകക്കുന്നിൽ പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണക്കാഴ്ചയൊരുക്കുന്ന ടൂറിസം വകുപ്പിന്റെ വസന്തോത്സവവും ന്യൂ ഇയർ ലൈറ്റ് ഷോയുമാണ് ഇക്കുറി നഗരത്തിന്റെ പുതുവത്സരാഘോഷങ്ങൾക്ക് നിറച്ചാർത്തേകുക.
ഇതിനു പുറമെ പുതുവത്സരത്തെ വരവേൽക്കാൻ ആഘോഷ കേന്ദ്രങ്ങളായ കോവളം, വർക്കല ബീച്ചുകളും ഒരുങ്ങിക്കഴിഞ്ഞു. തിരുവനന്തപുരം മാനവീയം വീഥിയിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും സംഗീതവിരുന്നും ഇക്കുറിയും അരങ്ങേറും.
നഗരത്തിലെ ആഡംബര ഹോട്ടലുകൾ ഡിജെ പാർട്ടിയും ഡിന്നറുമായി പുതുവത്സരാഘോഷത്തിനു മാറ്റേകും. ബീച്ചിലെ തിരമാലകൾക്കൊപ്പം പുതുവർഷം ആഘോഷിക്കാൻ കോവളത്തും വർക്കലയിലും വിദേശ വിനോദസഞ്ചാരികളടക്കം പതിനായിരങ്ങൾ ഇക്കുറിയും എത്തിച്ചേരുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. കടൽത്തീരത്തെ റിസോർട്ടുകളിലും കഫേകളിലും പ്രത്യേക മ്യൂസിക് ഷോകളും കരിമരുന്നു പ്രയോഗവും ശംഖുമുഖത്തു ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഗാന്ധാര ബാൻഡിന്റെ സംഗീതനിശയും ഡിജെയും സംഘടിപ്പിക്കും.
വർക്കല ക്ലിഫിലെ കഫേകളിൽ അർധരാത്രി വരെ നീളുന്ന സംഗീത വിരുന്നുകളും സംഘടിപ്പിക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ ഹോട്ടലുകളായ ഹയാത്ത് റീജൻസി, വിവാന്ത, ഹോട്ടൽ മാസ്കോട്ട് തുടങ്ങിയ ഇടങ്ങളിൽ വന്പൻ ഡിജെ പാർട്ടികളും അരങ്ങേറും.
Kerala
കൊച്ചി: പുതുവർഷാഘോഷം പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ അധിക സർവീസുകൾ നടത്തും. ബുധനാഴ്ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ - ഹൈക്കോർട്ട് റൂട്ടിൽ സർവീസ് നടത്തും.
ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുമായും കണക്ട് ചെയ്യാൻ ഹൈക്കോർട്ട് - എംജി റോഡ് സർക്കുലർ ബസ് പുലർച്ചെ നാലുവരെ സർവീസ് നടത്തും. മെട്രോ ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.
ആലുവയിൽ നിന്നും തൃപ്പൂണിത്തുറ നിന്നും ലാസ്റ്റ് സർവീസ് രാത്രി 1.30 ന് പുറപ്പെടും. ഇടപ്പള്ളിയിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ലാസ്റ്റ് സർവീസ് രാത്രി രണ്ടിന് പുറപ്പെടും.
ജനുവരി മൂന്നു വരെ ഇടപ്പള്ളിയിൽ നിന്ന് അലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11വരെ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.
District News
കൊച്ചി: പുതുവത്സര ദിനാഘോഷവുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി പോലീസ്. ബുധനാഴ്ച ആറു മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണമുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല, ചെറായി, പുതുവൈപ്പ്, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിലേക്കും കൂടുതല്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന നിയന്ത്രണനങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.
31ന് വൈകിട്ട് ബീച്ച് ഭാഗത്തേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരുടെ കൈവശം ഐഡി കാര്‍ഡ് ഉണ്ടായിരിക്കണം. ഫോര്‍ട്ട് കൊച്ചിയില്‍ റോഡ് അരികിലുള്ള പാര്‍ക്കിംഗ് നിയന്ത്രിക്കും. ബിഷപ്പ് ഹൗസ് പാര്‍ക്കിംഗ് ഏരിയ, സാന്റാക്രൂസ് സ്കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യമൊരുക്കും.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡ് 31ന് വണ്‍വേ ആക്കും. ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു. കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് റോഡിന്റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളു.
വൈപ്പിന്‍-മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്തേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. അനുമതിയില്ലാതെ പടക്കം കൈവശം വയ്ക്കുന്നവര്‍ക്കെതിരെയും മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന് ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചിട്ടുണ്ട്. എക്സൈസും പരിശോധന നടത്തും.
അതേസമയം, പുതുവത്സരം ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കല്‍ അടക്കം നിരവധി പരിപാടികളാണ് പുതുവത്സര ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടക്കാനൊരുങ്ങുന്നത്. നഗരത്തിലെ മാളുകളിലും ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമടക്കം ചെറുതും വലുതുമായ ആഘോഷങ്ങള്‍ ഒരുങ്ങുന്നുണ്ട്.
National
ലക്നോ: നടി സണ്ണി ലിയോണിയുടെ പുതുവത്സരാഘോഷ പരിപാടി സന്യാസിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് റദ്ദാക്കി.
ഉത്തര്‍പ്രദേശിലെ മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പരിപാടിക്ക് മുന്നോടിയായി സംഘാടകരായ ഹോട്ടലുകാര്‍ ഒരു പ്രമോഷണല്‍ വീഡിയോ പുറത്തിറക്കിയിരുന്നു.
പുതുവത്സരാഘോഷത്തിന് തുടക്കം കുറിക്കാന്‍ ഡിജെയായി ഞാനുമെത്തുന്നു എന്ന് സണ്ണി ലിയോണി വീഡിയോയില്‍ പറയുന്നുണ്ട്.
വീഡിയോ പ്രചരിച്ചതിനു പിന്നാലെ, സന്യാസി സമൂഹവും മതസംഘടനകളും പരിപാടിക്കെതിരെ രംഗത്തു വരികയായിരുന്നു. മഥുര ഒരു പുണ്യ നഗരമാണെന്നും, നഗരത്തില്‍ ഇത്തരം പരിപാടികള്‍ അനുവദിക്കാനാകില്ലെന്നുമാണ് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടത്. നടിയെ നഗരത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും സന്യാസികള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
പരിപാടിക്കെതിരെ സന്യാസിമാര്‍ ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്കി. സണ്ണി ലിയോണി മുന്‍ അശ്ലീലചിത്ര നടിയാണ്. പരിപാടിയില്‍ അശ്ലീലതയും നഗ്നതയും പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഭക്തര്‍ ആരാധനയ്ക്കായി വരുന്ന നഗരമാണ്. ഈ ദിവ്യഭൂമിയെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ഗൂഢാലോചന നടത്തുകയാണ്. മതവികാരം വ്രണപ്പെടുത്താനും പുണ്യനഗരത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെയാണ് പരിപാടി ഉപേക്ഷിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്.
District News
കോവളം: തലസ്ഥാന നഗരിക്ക് പുത്തൻ പുതുവൽസര അനുഭവം സമ്മാനിക്കാനൊരുങ്ങി വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. ശുഭ സന്ദേശവുമായി പിറക്കുന്ന പുതുവർഷത്തെ എതിരേൽക്കാൻ എത്തുന്നവർക്കു കാഴ്ച വിരുന്നൊരുക്കാൻ കൂറ്റൻ പാപ്പാഞ്ഞിയും തയാറായിക്കഴിഞ്ഞു.
പാപ്പാഞ്ഞിയെ കത്തിച്ച് 2025നു വിട നൽകി 2026നെ ഇരുകൈയും നീട്ടീ സ്വീകരിക്കുന്ന ശുഭ മുഹൂർത്തത്തിനു സാക്ഷിയാകാൻ പ്രകൃതി രമണീയമായ വില്ലേജിൽ ആയിരങ്ങൾ അണിനിരക്കും. ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര് പത്തു ദിവസങ്ങളെടുത്തു തയാറാക്കിയ 40 അടി ഉയരത്തിലുള്ള പാപ്പാഞ്ഞിയാണ് കോവളത്തിന്റെ ഇക്കൊല്ലത്തെ ആകർഷണിയത. കുട്ടികൾ മുതൽ പ്രായമായവരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന നടത്തിയിരിക്കുന്നത്.
കൂടാതെ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിന്റെ സംഗീത വിരുന്നാണ് മറ്റൊരു ആകര്‍ഷണം. ഇതോടൊപ്പം ഡിജെ പാർട്ടി, ഫുഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ഒരുക്കി ആഘോഷത്തിമിർപ്പോടെയുള്ള പുതുവർഷ ഒരുക്കങ്ങൾ ക്രാഫ്റ്റ് വില്ലേജിൽ പൂർത്തിയായതായി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ടി.യു. ശ്രീപ്രസാദ് പറഞ്ഞു. സന്ദർശകരുടെ വൻ തിരക്കു കണക്കിലെടുത്ത് പ്രവേശനം പാസ് മു ഖേനയായിരിക്കും.
പൊതു സന്ദർശന സമയം നാളെ വൈകുന്നേരം മൂന്നുവരെ ആയിരിക്കും. വൈകുന്നേരം ഏഴു മുതൽ രാത്രി 12 വരെ കലാപരിപാടികൾ അരങ്ങേറും. പുതുവര്‍ഷം പുലരുമ്പോൾ വെടിക്കെട്ടിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾക്കു സമാപനമാകും. കേരള ടൂറിസം വകുപ്പിനു വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി).
കരകൗശല പാരമ്പര്യങ്ങൾക്കു പുറമെ, സാഹിത്യ- ചലച്ചിത്ര മേളകൾ, കലാ പ്രദർശനങ്ങൾ, ഡിസൈൻ ശിൽപശാലകൾ, മ്യൂസിക് ഷോകൾ, ഹാക്കത്തോണുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, ഫ്ലീ മാർക്കറ്റുകൾ തുടങ്ങിയവയും നിരന്തരം സംഘടിപ്പിക്കുന്ന ഒരു ആഗോള സാംസ്കാരിക വിനിമയ കേന്ദ്രം കൂടിയാണ് കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്.
District News
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം ‘ബേത്ലഹെം നൈറ്റ്-2025’ തിരുവല്ല സെന്റ് ജോൺസ് സ്ക്വയറിൽ നടന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം നിർവഹിച്ചു. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.തിരുവല്ല നഗരസഭാ ചെയർപേഴ്സൺ എസ്. ലേഖ മുഖ്യപ്രഭാഷണം നടത്തി.
വിവിധ ഇടവക യൂണിറ്റുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് ഗാന അവതരണം, ഫുഡ് സ്റ്റാളുകൾ, മാർ ഈവാനിയോസ് ചാരിറ്റിസഹായം മാർ തിയോഫിലോസ് വിദ്യാഭ്യാസ സഹായം എന്നിവ യുടെ വിതരണം നിർവഹിച്ചു. ഐഡിയ സ്റ്റാർ സിംഗർ മധു ബാലകൃഷ്ണൻ ടീം നേതൃത്വത്തിൽ സംഗീതസന്ധ്യ, മറ്റു കലാപരിപാടികൾ എന്നിവയും നടന്നു. മേഖലയിലെ ത്രിതല പഞ്ചായത്ത്, നഗരസഭ വിജയികളെ ആദരിച്ചു.
പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പുനക്കുളം, ഫാ. മാത്യു വാഴയിൽ, ഫാ. വർഗീസ് ചാമക്കാലായിൽ, ഫാ. നൈനാൻ വെട്ടിരേത്ത്, ഫാ. തോമസ് പാറയ്ക്കൽ, ജോൺ മാമ്മൻ വാഴത്തറമലയിൽ, ഷിബു ഏബ്രഹാം, എ.സി. റെജി, ജെയ്മോൻ താഴത്തേക്കൂറ്റ്, മിനി ഡേവിഡ്, വത്സമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ തിരക്കേറിയതോടെ കൊച്ചിയുടെ തെരുവോരങ്ങളിലും പപ്പാഞ്ഞികളെ കൊണ്ട് നിറഞ്ഞു. പുതുവത്സരം ആഘോഷമാക്കാന്‍ ഫോര്‍ട്ട് കൊച്ചി വരെ കിതച്ചെത്തേണ്ട സ്വന്തം നാട്ടില്‍ തന്നെ ആഘോഷമാക്കാം എന്ന നിലപാടിലാണ് കൊച്ചി നഗരത്തിലെ വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും. ജില്ലയിലെ പല സ്ഥലങ്ങളിലും നാട്ടുകാരുടെ പപ്പാഞ്ഞികളും പ്രത്യേക ആഘോഷങ്ങളുമാണ് ആരംഭിച്ചിരിക്കുന്നത്.
ഏലൂര്‍, തൃക്കാക്കര, ആലങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ ആഘോഷമാണ് നടക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലേക്ക് ട്രാഫിക് ബ്ലോക്കുകള്‍ താണ്ടി എത്താനുള്ള പരിമിതി തന്നെയാണ് തങ്ങള്‍ നാട്ടില്‍ തന്നെ പപ്പാഞ്ഞി കത്തിക്കലും പുതുവത്സര ആഘോഷവും തീരുമാനിച്ചത് എന്നാണ് ഏലൂര്‍ യുവകല ക്ലബ്ബ് അംഗമായ അന്‍സാറിന് പറയാനുള്ളത്.
നാട്ടുകാര്‍ക്ക് പുതുവത്സരം ആഘോഷമാക്കാനായാണ് ഈ പരിപാടി ഇവിടെ ആരംഭിച്ചത്. യുവകല എന്ന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞി കത്തിക്കലിന്റെ ഭാഗമായി തന്നെയാണ് ഇവിടെയും ഇങ്ങനൊരു ആഘോഷം ആരംഭിച്ചത്. നാല് വര്‍ഷമായി ഇവിടെ ആഘോഷം ആരംഭിച്ചിട്ട്.
കഴിഞ്ഞ വര്‍ഷം നാട്ടുകാരുടെ പരിപാടികള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അടുത്തുള്ള അമ്പലത്തിലെ ബാലവേദി സംഘടനയുടെ കൈകൊട്ടി കളി, സഞ്ജിത്ത് മാമ്പ്രയുടെ കരോക്ക ഗാനമേള എന്നീ പരിപാടികളുണ്ട്. ഇവിടുത്തെ ആളുകള്‍ തന്നെയാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലേക്ക് പോകുമ്പോള്‍ ബ്ലോക്കും തിരക്കും ഒക്കെയായതു കൊണ്ട് ആഘോഷം ഇവിടെ സ്വന്തം നാട്ടില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 35 അംഗങ്ങള്‍ അടങ്ങുന്ന ക്ലബ്ബ് ആണ് യുവകല. ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും സഹകരിച്ചാണ് ആഘോഷത്തിനുള്ള ഫണ്ട് കണ്ടെത്തുന്നത്.
പ്രൈസ് കൂപ്പണ്‍ അടിച്ചും ഫണ്ട് പിരിക്കുന്നുണ്ട്. 30ന് കരോക്കെ ഗാനമേളയും 31ന് കൈകൊട്ടി കളിയുമാണ് ഉണ്ടാവുക. ഇതിനൊപ്പം വെടിക്കെട്ടും ഉണ്ടാവും. പോലീസ് അനുമതിയോടെയാണ് ഇവിടെ പരിപാടി നടത്തുന്നത് എന്നാണ് അന്‍സാറിന്റെ വാക്കുകള്‍.
ഫോര്‍ട്ട് കൊച്ചിയിലേക്ക് എത്തുന്നതിന് മുമ്പ് പള്ളുരുത്തിയില്‍ ഒരു വലിയ പപ്പാഞ്ഞി ഒരുങ്ങിയിട്ടുണ്ട്. ഫോട്ടോയും വീഡിയോയും പകര്‍ത്താനായി നിരവധി പേരാണ് ഇവിടെ എത്തുന്നത്. പള്ളുരുത്തി താലൂക്ക് ആശുപത്രിക്ക് അടുത്തുള്ള ടിപി ഗ്രൗണ്ടിലാണ് ഈ പപ്പാഞ്ഞിയുള്ളത്. മാനുകള്‍ വലിക്കുന്ന മഞ്ഞുവണ്ടിയില്‍ ഇരിക്കുന്ന സാന്താക്ലോസിന്റെ രൂപത്തിലുള്ള പപ്പാഞ്ഞിയാണ് ഇവിടുത്തെ ആകര്‍ഷണം.
43 അടി ഉയരമുള്ള പപ്പാഞ്ഞിയെയാണ് തൃക്കാക്കരയില്‍ ഒരുക്കിയിട്ടുള്ളത്. പുതുവത്സര ആഘോഷത്തിന് മുന്നോടിയായി ആലങ്ങോട് പഴന്തോട് ഗ്രൗണ്ടില്‍ പത്ത് ദിവസത്തെ ഫെസ്റ്റും നടക്കുന്നുണ്ട്. ഇവിടെയും ഭീമനൊരു പപ്പാഞ്ഞിയെ ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 20 മുതല്‍ 30 വരെ നീണ്ടു നില്ക്കുന്ന ഫെസ്റ്റ് ആണിത്.
ആലങ്ങാട്-പഴന്തോട് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലും വിവിധ റസിഡന്റ്സ് അസോസിയേഷന്റെയും സംഘടനകളുടെയും സഹകരണത്തോടെയുമാണ് ഫെസ്റ്റ് നടക്കുന്നത്. ഗാനമേള, കലാസന്ധി, മെന്റലിസം, തിരുവാതിര, നാടന്‍പാട്ട്, ക്ലാസിക്കല്‍ നൈറ്റ്സ് തുടങ്ങി വിവിധ പരിപാടികളാണ് ഈ പത്ത് ദിവസവും നടക്കുന്നത്.
District News
ആലപ്പുഴ: പ്രളയവും കോവിഡും മൂലം നിർജീവമായിരുന്ന ടൂറിസം വ്യവസായം വീണ്ടും സജീവമായി. സമീപ വർഷങ്ങളേക്കാൾ തണുപ്പത്തിയതോടെ ക്രിസ്മസ് പുതുവത്സര അവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയവരുടെ എണ്ണത്തിൽ വർധന. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ കൂട്ടമായി എത്തിയത് ജില്ലയുടെ ടൂറിസം മേഖലയ്ക്കു ഗുണകരമായി.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലാണ് വർധനയുണ്ടായത്. ഇതോടെ ഭൂരിഭാഗം ഹൗസ് ബോട്ടുകൾക്കും ബുക്കിംഗ് ലഭിച്ചു. 2022നെ അപേക്ഷിച്ചു വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ നാലിരട്ടിയോളം വർധനയാണ് ഉണ്ടായതെന്നു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മറ്റു ജില്ലകളിൽനിന്ന് ആലപ്പുഴ ഹൗസ് ബോട്ട് യാത്ര സർവീസും നടത്തുന്നുണ്ട്. സഞ്ചാരികളുടെ വരവ് കൂടിയതോടെ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും ഹൗസ് ബോട്ടുകളിലും ബുക്കിംഗ് കൂടി. ഇതോടെ നിരക്കുകളിലും വർധനയുണ്ട്.
Kerala
തിരുവനന്തപുരം: തലസ്ഥാന നഗരിക്ക് പുത്തൻ പുതുവത്സര അനുഭവം സമ്മാനിക്കുന്നതിനായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവത്സരത്തെ വരവേൽക്കും. വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലാണ് ഒരുക്കങ്ങൾ നടക്കുന്നത്.
ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാര് പത്ത് ദിവസമെടുത്ത് തയാറാക്കിയ 40 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞിയുടെ രൂപത്തിന്റെ നിർമാണം ഏറെക്കുറെ പൂര്‍ത്തിയായി. പുതുവത്സരദിനത്തിൽ അഭയ ഹിരൺമയിയുടെ നേതൃത്വത്തിലുള്ള ഹിരൺമയം ബാൻഡിന്റെ സംഗീത വിരുന്നും ആഘോഷങ്ങളുടെ കൊഴുപ്പുകൂട്ടും.
ഇതോടൊപ്പം ഡിജെ പാർട്ടി, ഫുഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷൻ, വെടിക്കെട്ട് ഉൾപ്പടെ ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതു സന്ദർശന സമയം ഡിസംബര്‍ 31ന് വൈകിട്ട് മൂന്ന് വരെ ആയിരിക്കും. രാത്രി 12 മണി വരെയായിരിക്കും കലാപരിപാടികൾ. പുതുവര്‍ഷം പുലരുമ്പോൾ വെടിക്കെട്ടിന്റെ അകമ്പടിയോടെ പാപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കും.
കേരള ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (യുഎൽസിസിഎസ്) രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത പദ്ധതിയാണ് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് (കെഎസിവി).
Kerala
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയും വാട്ടർ മെട്രോയും അധിക സർവീസുകൾ നടത്തും. വർഷാവസാനത്തെ തിരക്ക് കണക്കിലെടുത്താണ് സർവീസുകൾ ദീർഘിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
26 മുതൽ ജനുവരി മൂന്നു വരെ ഇടപ്പള്ളി സ്റ്റേഷനിൽ നിന്നും ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ട്രെയിനുകൾ രാത്രി 11 വരെ സർവീസ് നടത്തും. ന്യൂ ഇയർ പ്രമാണിച്ച് പുലർച്ചെ 1.30 വരെ 20 മിനിറ്റ് ഇടവിട്ട് സർവീസുണ്ടാകും.
ആലുവ, തൃപ്പൂണിത്തുറ ടെർമിനലുകളിൽ നിന്നുള്ള അവസാന ട്രെയിനുകൾ പുലർച്ചെ 1.30ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനിൽ നിന്നുള്ള അവസാന ട്രെയിൻ പുലർച്ചെ രണ്ടിന് പുറപ്പെടും.
കൊച്ചി വാട്ടർ മെട്രോ സർവീസ് ഹൈക്കോർട്ട് - മട്ടാഞ്ചേരി റൂട്ടിലും ഹൈക്കോർട്ട് - വൈപ്പിൻ റൂട്ടിലും ജനുവരി ഒന്നിന് പുലർച്ചെ 12 മുതൽ നാലുവരെ സർവീസ് നടത്തും.
Kerala
കൊച്ചി: കൊച്ചിന് കാര്‍ണിവലിന്റെ ഭാഗമായി ഇത്തവണ രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കും. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തില്‍ ഇതാദ്യമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ രണ്ടു പപ്പാഞ്ഞികളെ കത്തിക്കാന്‍ പോകുന്നത്.
രണ്ടിടത്ത് പപ്പാഞ്ഞികളെ കത്തിക്കുന്നതില്‍ പോലീസിന് എതിര്‍പ്പില്ല. 1300ല്‍ അധകം പോലീസുകാരെ സ്ഥലത്ത് വിന്യസിക്കും. കഴിഞ്ഞ വര്‍ഷവും രണ്ടു പപ്പാഞ്ഞിമാരെ കത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും വെളി ഗ്രൗണ്ടിലെ പപ്പാഞ്ഞിയെ മാത്രമേ കത്തിച്ചിരുന്നുള്ളു. മുന്‍ പ്രധാനമന്ത്രി മന് മോഹന്‍ സിംഗിന്റെ വിയോഗത്തെ തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ സ്ഥാപിച്ച പപ്പാഞ്ഞിയെ കത്തിച്ചിരുന്നില്ല.
അതേസമയം, കൊച്ചിന് കാര്‍ണിവല്‍ കാണാനായി ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് ഏറുകയാണ്. പൊതുവേ സഞ്ചാരികളുടെ കേരളത്തിലെ പ്രധാന ലൊക്കേഷനാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിന് കാര്‍ണിവല്‍ കൂടി ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
Kerala
കൊച്ചി: കൊച്ചിക്ക് ഉറക്കമില്ലാത്ത നാളുകളാണ് പുതുവത്സര ആഘോഷം വരെ. ഫോര്‍ട്ട് കൊച്ചി ഒരിക്കല്‍ കൂടി പപ്പാഞ്ഞിയെ കത്തിക്കല്‍ ആഘോഷത്തിന് വേണ്ടി തയാറെടുക്കുകയാണ്. ടൂറിസ്റ്റുകളും കൊച്ചിക്കാരും ക്രിസ്മസ്-പുതുവത്സര വൈബിലാണ്. ലോകത്ത് കൊച്ചിയില്‍ മാത്രമാണ് ഇങ്ങനൊരു ആഘോഷം നടക്കുന്നത്. പോര്‍ച്ചുഗീസില്‍ നിന്നാണ് കൊച്ചിക്കാര്‍ക്ക് പപ്പാഞ്ഞി എന്ന വാക്ക് കിട്ടുന്നത്. പപ്പാഞ്ഞി കത്തിക്കല്‍ ആഘോഷത്തെ കുറിച്ച് ദീപികയോട് പ്രതികരിച്ചിരിക്കുകയാണ് കൊച്ചിന് കാര്‍ണിവല്‍ ആരംഭിച്ച കാലം മുതല്‍ ചെയര്‍മാനായിരുന്ന എ.ജെ സോഹന്‍.
1984ല്‍ ആണ് പപ്പാഞ്ഞി കത്തിക്കലിന്റെ തുടക്കം. കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാരുമായി ഉണ്ടാക്കിയ ഉടമ്പടിയില്‍ അവര്‍ക്ക് ഇവിടെ ഒരു കോട്ട പണിയാന്‍ അനുമതി കൊടുത്തു. ഇവിടെ അവരൊരു ടൗണ്‍ പണിതു. പോര്‍ച്ചുഗീസ് വാക്കാണ് പപ്പാഞ്ഞി. പപ്പാഞ്ഞി എന്ന് പറഞ്ഞാല്‍ ഓള്‍ഡ് മാന്‍ എന്നൊരു അര്‍ഥമേയുള്ളു. ഇത് പള്ളിയില്‍ നടക്കുന്ന ഒരു കാര്‍ണിവല്‍, കൊച്ചിയില്‍ ഇത് പുതുവത്സരാഘോഷമാണ്. പുതുവത്സരം ആഘോഷിക്കുക എന്നത് സായിപ്പന്മാരുടെ കാലം മുതല്‍ ഇവിടെ തുടങ്ങിയതാണ്. അതിനൊരു മോഡേണ്‍ മുഖം നല്കി ഉണ്ടാക്കിയതാണ് ഈ കാര്‍ണിവല്‍.
ഇവിടെ വഴിയോരത്തും എല്ലാ സ്ഥലത്തും പുതുവത്സര ആഘോഷത്തിന് പപ്പാഞ്ഞിയുടെ രൂപം ഉണ്ടാക്കി വച്ച് അവിടെ ഡാന്‍സും പരിപാടിയും ഒക്കെ നടക്കും. എന്നിട്ട് കത്തിക്കും. കുറേ വര്‍ഷങ്ങളായി ഇങ്ങനൊരു പരിപാടി നടക്കുന്നുണ്ട്. വൈക്കോല്‍ കൊണ്ടാണ് ആദ്യമൊക്കെ പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. എന്നിട്ട് വസ്ത്രം ഇടീക്കും. അത് യൂറോപ്പിലൊക്കെ സാന്താക്ലോസിന്റെ വസ്ത്രമാണ്.
കാര്‍ണിവല്‍ സംഘടിപ്പിക്കാന്‍ ആരംഭിച്ച മുതല്‍ ബീച്ചില്‍ കൊണ്ടുവന്ന് കത്തിക്കുന്ന പരിപാടി ഞങ്ങള്‍ ആരംഭിച്ചു. അന്ന് വലിയ ആര്‍ട്ടിസ്റ്റ് ആയ എസ്.എസ് കൃഷ്ണന് എന്നയാളാണ് പപ്പാഞ്ഞിയെ ഉണ്ടാക്കി കൊണ്ടിരുന്നത്. ആദ്യം സാന്താക്ലോസിന്റെ അതേ വേഷത്തിലായിരുന്നു. എന്നാല്‍ സെയിന്റിനെ കുറിച്ച് അറിഞ്ഞതോടെ വസ്ത്രത്തില്‍ മാറ്റങ്ങള്‍ വരുത്തി.
പിന്നെ 2012ല്‍ ബിനാലെ വന്നു. 2014ലെ ബിനാലെ വന്നപ്പോള്‍ അവര്‍ ഒരു പപ്പാഞ്ഞിയെ ഉണ്ടാക്കി തരാമെന്ന് പറഞ്ഞു. ആ പപ്പാഞ്ഞിയുടെ ഫിഗര്‍ എല്ലാം കറക്ട് ആയിരുന്നു. 2016ലും 2018ലും ബിനാലെ വന്നപ്പോഴും അവരുടെതായ നിലവാരത്തില്‍ പപ്പാഞ്ഞിയെ ഉണ്ടാക്കി തന്നു. പിന്നീട് ഞങ്ങള്‍ ആ ട്രെന്‍ഡ് ഫോളോ ചെയ്തു. അവര്‍ പപ്പാഞ്ഞിയെ ഉണ്ടാക്കാത്ത സമയത്തും ബിനാലെ ഇല്ലത്തപ്പോഴും കൊറോണ വന്ന സമയത്തും ലോക്കല്‍ ആയി അതേ നിലവാരത്തില്‍ തന്നെ പപ്പാഞ്ഞിയെ ഉണ്ടാക്കി.
മന്മോഹന് സിംഗ് അന്തരിച്ച കാരണം കഴിഞ്ഞ വര്‍ഷം പപ്പാഞ്ഞിയെ കത്തിക്കാന്‍ കഴിഞ്ഞില്ല. അനില്‍ എന്ന ആര്‍ട്ടിസ്റ്റ് ആണ് അത് ഉണ്ടാക്കിയത്. ഇത്തവണയും അദ്ദേഹം തന്നെയാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. 50 അടി ഉയരമുള്ള പപ്പാഞ്ഞിയാണ് ഇത്തവണത്തേത്. അറുപതും എഴുപതും അടി ഉയരമുള്ള പപ്പാഞ്ഞികളെ ഇതിന് മുമ്പ് ഉണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ ഇരുമ്പിന്റെ ഫ്രെയിം ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി വസ്ത്രമൊക്കെ ഇടീപ്പിച്ചാല്‍ മതി. 31-ാം തീയതി രാത്രി മേയര്‍, എംഎല്‍എ, സബ് കലക്ടര്‍ തുടങ്ങി ഇവിടുത്തെ എല്ലാ അധികാരികളും വരും. അവര്‍ പ്രതീകാത്മകമായി അതിന് തീ കൊളുത്തും.
പോര്‍ച്ചുഗീസുകാരുടെ സ്വാധീനത്തെ തുടര്‍ന്നാണ് പപ്പാഞ്ഞി ഉണ്ടായത്. പക്ഷെ അവരുടെ നാട്ടിലോ യൂറോപ്പിലോ ഇത് ഇല്ല. ഇന്ത്യയിലും ഇത് നമ്മള് മാത്രമാണ് ആഘോഷിക്കുന്നത്. ഇപ്പോള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നാണ് എല്ലാം ചെയ്യുന്നത്. പടക്കം ഒന്നും അധികം പറ്റില്ല. രണ്ട് ലോഡ് വൈക്കോല്‍ കൊണ്ടാണ് പപ്പാഞ്ഞിയെ ഉണ്ടാക്കുന്നത്. അതില്‍ പടക്കം ഉണ്ടാകും. ഫയര്‍ എന്ജിന് ഒക്കെ വന്നു നിന്നാണ് ഇത് കത്തിക്കുന്നത് എന്നാണ് ഫോര്‍ട്ട് കൊച്ചി സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ സോഹന്റെ വാക്കുകള്‍.
അതേസമയം, പപ്പാഞ്ഞി കത്തിക്കല്‍ പരിപാടിക്ക് സര്‍ക്കാറില്‍ നിന്നും യാതൊരു പിന്തുണയോ പ്രോത്സാഹനമോ ലഭിക്കുന്നില്ല പരാതിയും സോഹന്‍ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇവിടെ മാത്രമാണ് ഇത് നടക്കുന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ ഒരു പിന്തുണയും ലഭിക്കുന്നില്ല. കാര്‍ണിവല്‍ വരുമ്പോള്‍ സര്‍ക്കാറിന് കോടികളാണ് ലഭിക്കുന്നത്. ഹോട്ടലുകള്‍ മുതല്‍ ഹോംസ്റ്റേ വരെ നിറഞ്ഞിരിക്കും. പക്ഷെ സര്‍ക്കാര്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നും സോഹന്‍ ദീപികയോട് പറഞ്ഞു.
Kerala
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തും. എന്നാല്‍ യാത്രാ നിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സമയക്രമം ക്രമീകരിക്കും.
ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. അതേസമയം, കൊച്ചി മെട്രോയും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടു കൊണ്ടാണ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നത്.
ക്രിസ്മസ് വെക്കേഷനോട് അനുബന്ധിച്ച് നിരവധി ടൂറിസ്റ്റുകളാണ് കൊച്ചിയില്‍ എത്തുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ റെക്കോര്‍ഡ് യാത്രക്കാരെ ആയിരുന്നു മെട്രോക്ക് ലഭിച്ചത്. വരുമാനത്തിലും വലിയ വര്‍ധനവ് ഉണ്ടായിരുന്നു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സര്‍വീസ് അര്‍ധരാത്രി വരെ നീട്ടും. ആലുവ, എസ്എന്‍ ജംഗ്ഷന് എന്നീ രണ്ട് ടെര്‍മിനലുകളിലേക്കും ഇടപ്പള്ളിയില്‍ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കും. റോഡിലെ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സര്‍വീസുകള്‍ നീട്ടുന്നത്.
NRI
എഡ്മിന്റൺ: കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ ആൽബെർട്ട യൂണിറ്റ് "സമന്വയ ആൽബെർട്ട' ഈ വർഷത്തെ ക്രിസ്മസ് - ന്യൂഇയർ ആഘോഷം "ബീറ്റ്സ് ആൻഡ് ബെൽസ് 20K5' ഈ മാസം 27ന് എഡ്മണ്ടൺ പ്ലെസന്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ നടത്തുന്നു.
കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള, ഡിജെ, ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്.
മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://events.mazhathulli.ca/event/samanwaya-albertas-beats-bells-2k25/
District News
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ പുതുമ നിറഞ്ഞ ന്യൂ ഇയര്‍ ആഘോഷമായ ബോണ്‍ ആനോ 31ന് വൈകുന്നേരം അഞ്ചുമുതല്‍ പാലാത്ര ബൈപാസിലെ പീടിയേക്കല്‍ മൈതാനിയില്‍ മീഡിയ വില്ലേജിന്റെ നേതൃത്വത്തില്‍ നടക്കും.
ശിങ്കാരിമേള മത്സരം, ഡാന്‍സ് പ്രാേഗ്രാം, സാംസ്കാരിക സമ്മേളനം, പാപ്പാഞ്ഞി കത്തിക്കല്‍, ആകാശ വിസ്മയം, മ്യൂസിക് ബാൻഡ് തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷ പരിപാടികള്‍ക്കു തുടക്കംകുറിച്ച് മീഡിയ വില്ലേജില്‍ നടന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. ലിപിന്‍ തുണ്ടുകളം, ടിന്‍സു മാത്യു, മാര്ട്ടിന് ഫിലിപ്പ്, സില്‍ജി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരിയില്‍ ആദ്യമായിട്ടാണ് ഇത്രയും വിപുലമായ രീതിയില്‍ ന്യൂ ഇയര്‍ ആഘോഷം നടക്കുന്നത്.
ശിങ്കാരിമേളം മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 50,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. രണ്ടാം സ്ഥാനക്കാർക്ക് 25,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും കാഷ് അ വാര്‍ഡ് ലഭിക്കും. എട്ടു ടീമുകള്‍ക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന കാഷ് അവാര്‍ഡുകളും നല്‍കും. വിവരങ്ങള്‍ക്ക് 8921759194 നമ്പരില്‍ ബന്ധപ്പെടു
Kerala
തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.
ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.
ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും.
സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.
ക്രിസ്മസിനോട് അനുബന്ധിച്ച് സാന്റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.
Business
ന്യൂഡൽഹി: ഒല, ഊബർ, റാപിഡോ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി കന്പനികൾക്കു ബദലായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഭാരത് ടാക്സി പുതുവർഷാരംഭത്തിൽ നിരത്തിലിറങ്ങും.
ആദ്യഘട്ടത്തിൽ ഔദ്യോഗികമായി ഡൽഹിയിൽ ആരംഭിക്കുന്ന ഓണ്‍ലൈൻ ടാക്സി ആപ്പ് സഹകാർ ടാക്സി കോ-ഓപ്പറേറ്റീവ് ലിമിറ്റഡാണ് വികസിപ്പിച്ചിട്ടുള്ളത്. പുതിയ ആപ്പിനു കീഴിൽ ഓട്ടോറിക്ഷകൾ, കാറുകൾ, ബൈക്കുകൾ എന്നിവ ഉപയോക്താക്കൾക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. പ്ലാറ്റ്ഫോമിനു കീഴിൽ ഇതിനോടകം 56,000 ഡ്രൈവർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുതുവർഷാരംഭത്തിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ഓണ്‍ലൈൻ ടാക്സികളിൽനിന്നു വ്യത്യസ്തമായി ചില പുതുമകളോടെയാണു രംഗത്തെത്തുന്നത്. ഓണ്‍ലൈൻ ടാക്സി കന്പനികൾക്കു കീഴിൽ വാഹനമോടിക്കുന്ന ഡ്രൈവർമാർ ഓരോ യാത്രയിൽനിന്നു ലഭിക്കുന്ന കൂലിയുടെ ഒരു നിശ്ചിത ശതമാനം (സാധാരണയായി 20നും 30നുമിടയിൽ) കന്പനികൾക്കു കൈമാറണമെങ്കിൽ ഭാരത് ടാക്സിക്കു കീഴിൽ വാഹനമോടിക്കുന്നവർക്ക് ഓരോ യാത്രാ നിരക്കിന്റെയും 80 ശതമാനത്തിനു മുകളിൽ ലഭിക്കുമെന്ന് കേന്ദ്രം പറയുന്നു.
കമ്മീഷൻ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മറ്റ് ഓണ്‍ലൈൻ ടാക്സി കന്പനികളേക്കാൾ കൂടുതൽ നിരക്ക് ഡ്രൈവർമാർക്കു ലഭ്യമാകുമെന്നാണ് കേന്ദ്രത്തിന്റെ അവകാശം. ഡൽഹി പോലീസും മറ്റ് ഏജൻസികളുമായും സഹകരിച്ചുള്ള സുരക്ഷാഫീച്ചറും ആപ്പിലുണ്ട്.
ഭാരത് ടാക്സി ആപ്പിന്റെ പ്ലേ സ്റ്റോറിൽ ലഭ്യമായ ബീറ്റ ആപ്പ് വഴി ഡൽഹി നിവാസികൾക്കു നിലവിൽ ടാക്സി ബുക്ക് ചെയ്യാൻ കഴിയും. നിലവിൽ ഡൽഹിയിലും ഗുജറാത്തിലെ രാജ്കോട്ടിലും പരീക്ഷണഘട്ടത്തിലുള്ള ആപ്പ് പതുക്കെ 20ലധികം നഗരങ്ങളിലേക്കു വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
Kerala
തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.
ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.
26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
Kerala
കൊച്ചി: പുതുവര്‍ഷത്തെ ആഘോഷമായി വരവേല്‍ക്കാനൊരുങ്ങി ഫോര്‍ട്ട് കൊച്ചി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാര്‍ണിവലിന് ഞായറാഴ്ച തുടക്കമാകും. രാവിലെ, രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. 22ന് രാവിലെ 9.30ന് വാസ്കോഡ ഗാമ സ്ക്വയറില്‍ കെ.ജെ. മാക്സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തും.
മെഗാ ഷോ മുതല്‍ ബൈക്ക് റേസ് വരെ
കാര്‍ണിവലിന്റെ ഭാഗമായ 90 ഓളം സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയര്‍ത്തും. ഡീജെകള്, മെഗാ ഷോകള്‍, മോട്ടോര്‍ ബൈക്ക് റേസ്, വിന്റേജ് സ്കൂട്ടര്‍ റാലി, ആര്‍ച്ചറി, ഷൂട്ടിംഗ്, കാര്‍ണിവല്‍ മാരത്തണ്‍, കൊങ്കണി ഭാഷാ കലോത്സവം, മെഹന്ദി കയാക്ക്, ഗുസ്തി, മ്യൂസിക്കല്‍ നൈറ്റ്, ചൂണ്ടയിടല്‍, വഞ്ചിതുഴയല്‍ മത്സരം തുടങ്ങി വിവിധ പരിപാടികള്‍ കാര്‍ണിവലിന്റെ ഭാഗമായി അരങ്ങേറും.
ഫോര്‍ട്ട് കൊച്ചി കടപ്പുറം, പരേഡ് ഗ്രൗണ്ട്, പള്ളത്ത് രാമന് ഗ്രൗണ്ട്, അമരാവതി മഴവില്പാര്ക്ക്, ചുള്ളിക്കല്‍ ക്വീന്‍സ് പാര്‍ക്ക്, മുണ്ടംവേലി കോര്പ്പറേഷന് ഗ്രൗണ്ട്, വാസ്കോഡ ഗാമ സ്ക്വയര്‍, നെഹ്റു പാര്‍ക്ക്, ടിപ്ടോപ് അസീസ് ഗ്രൗണ്ട്, സൗദി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടികള്‍
ക്രമീകരിച്ചിരിക്കുന്നത്.
31ന് രാത്രി എട്ട് മുതല്‍ ആഘോഷം
28 മുതല്‍ 31 വരെ ദിവസങ്ങളില്‍ മ്യൂസിക് ബാന്‍ഡ്, ഡിജെ, അരുണ്‍ ഗോപന് ഓപ്പണ്‍ മൈക്ക് ബാന്‍ഡ്, മെഗാ മ്യൂസിക് ഷോ എന്നിവയുമുണ്ടാകും. 31ന് രാത്രി എട്ട് മുതല്‍ ആഘോഷം തുടങ്ങും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കലും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ജനുവരി ഒന്നിന് വൈകിട്ട് കാര്‍ണിവല്‍ റാലിയും നടക്കും.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് യാത്രാത്തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം. കൂടുതലായി ഏർപ്പെടുത്തിയ 10 സ്പെഷൽ ട്രെയിനുകൾ 38 സർവീസുകൾ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു.
മുംബൈ, ഡൽഹി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷൽ ട്രെയിനുകൾ ഓടുക. ഇൻഡിഗോ വിമാന പ്രതിസന്ധി ഉൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്പെഷൽ ട്രെയിനുകൾ മലയാളികൾക്ക് ആശ്വാസമാകും.
സ്പെഷൽ സർവീസുകൾ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാറിന് ജോർജ് കുര്യൻ നന്ദി അറിയിച്ചു.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര സീസണിൽ യാത്രക്കാരുടെ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയ്ൻ സർവീസുകള്‍ പ്രഖ്യാപിച്ചു. 06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍-വേ എക്സ്പ്രസ് സ്പെഷല്‍, 06283/06284 മൈസൂരു - തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് എന്നിവയാണ് പ്രഖ്യാപിച്ചത്.
06192 തിരുവനന്തപുരം സെന്‍ട്രല്‍ - ചണ്ഡീഗഡ് വണ്‍വേ എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 10ന് രാവിലെ 7.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം പുലർച്ചെ നാലിന് ചണ്ഡീഗഡില്‍ എത്തിച്ചേരും. കേരളത്തിൽ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ട്രെയ്നിനു സ്റ്റോപ്പുണ്ടാകും.
06283 മൈസൂരു - തൂത്തുക്കുടി എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 23നും 27നും വൈകിട്ട് 6.35 ന് മൈസൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11ന് തൂത്തുക്കുടിയില്‍ എത്തിച്ചേരും. തിരികെ 06284 തൂത്തുക്കുടി - മൈസൂരു എക്സ്പ്രസ് സ്പെഷല്‍ ഡിസംബര്‍ 24നും 28നും ഉച്ചയ്ക്ക് രണ്ടിന് തൂത്തുക്കുടിയില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.45 ന് മൈസൂരുവില്‍ എത്തിച്ചേരും.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.
ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.